ദില്ലി: ഹരിയാനയിലെ അംബാലയിൽ കൊവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ ഗ്രാമീണരും പൊലീസും തമ്മിൽ സംഘർഷം. ഗ്രാമീണർ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കുമെതിരെ കല്ലെറിഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് വേണ്ടി പൊലീസ്  ആകാശത്തേക്ക് വെടിവെച്ചു. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആരോപണം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കാന്‍ അടിയന്തര നിർദ്ദേശം

ഇന്നലെയാണ് അറുപതുകാരിയായ സ്ത്രീ മരിച്ചത്. കൊവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. ഇവരുടെ സാമ്പിൾ സ്രവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാഫലം ഇതുവരേയും ലഭിച്ചിട്ടില്ല. കല്ലേറിൽ ഡോക്ടർക്കടക്കം പരിക്കേറ്റു. ഇതുവടെ അംബാലയിൽ മാത്രം 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയിൽ ഇതുവരെ 289 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേർ മരിച്ചു.