ദില്ലി: ഒരാഴ്ച നീണ്ട അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെത്തി. പാലം വിമാനത്താവളത്തിലെത്തിയ മോദിക്ക് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. വിമാനത്താവളത്തിന് പുറത്ത് ബിജെപി നേതാക്കൾ നല്‍കിയ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയവർക്ക് മോദി നന്ദി അറിയിച്ചു. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേതൃത്വത്തിലാണ് നരേന്ദ്ര മോദിക്ക് സ്വീകരണം നല്‍കിയത്. വിമാനത്താവളത്തിന് പുറത്ത് ഒരു കിലോമീറ്ററിലധികം നടന്ന് മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഇന്ത്യയിലേക്ക് തിരിച്ചെത്തിയ തനിക്ക് മറക്കാനാകാത്ത സ്വീകരണമാണ് കിട്ടിയത്. ഈ അവസരത്തിൽ ഓരോ ഇന്ത്യക്കാർക്കും തന്റെ പ്രണാമം, മോദി പറഞ്ഞു. ഇന്ത്യയോടുള്ള ലോകരാഷ്ട്രങ്ങളുടെ കാഴ്ചപ്പാട് മാറിയിരിക്കുകയാണ്. ഹൗഡി മോദി പരിപാടി ഇന്ത്യാ അമേരിക്ക ബന്ധം ദൃഢമാക്കിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

2014-ൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയപ്പോൾ യുഎൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇന്ന് വീണ്ടും യുഎൻ സമ്മേളനത്തിന് താൻ പോയി. ഈ അഞ്ച് വർഷത്തിനിടെ ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയോടുള്ള ആദരവും താല്‍പര്യവും അര്‍ത്ഥവത്തായ രീതിയിൽ കൂടിയിട്ടുണ്ട്. 130 കോടി വരുന്ന ഇന്ത്യക്കാരാണ് ഇതിന് പിന്നിലെന്നും മോദി പറ‍ഞ്ഞു. 

മൂന്നു വർഷം മുമ്പ്, ഉറി ഭീകരാക്രമണത്തിന് ശേഷം സെപ്തംബർ 28-നാണ് ഇന്ത്യ പാകിസ്ഥാനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. സർജിക്കൽ സ്ട്രൈക്കിന്റെ മൂന്നാം വാർഷികത്തിൽ ഇന്ത്യയുടെ ജവാൻമാരുടെ ധീരത ഒരിക്കൽ കൂടി ഓർക്കുന്നു ജവാൻമാരെ സല്യൂട്ട് ചെയ്യുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

ഇത് രണ്ടാം തവണയാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. ഇത്തവണ അമേരിക്കയുടെ ദക്ഷിണ പടിഞ്ഞാറൻ നഗരമായ ഹ്യൂസ്റ്റണിൽ നിന്നാണ് മോദി അമേരിക്കന്‍ സന്ദർശനം ആരംഭിച്ചത്.  ഇന്ത്യന്‍ സംഘടനകളുടെ സഹായത്തോടെ ടെക്സാസിലെ ഇന്ത്യന്‍ സമൂഹം ആസൂത്രണം ചെയ്ത ഹൗഡി മോഡി പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം മോദി വേദി പങ്കിട്ടത് ഏറെ ശ്ര​ദ്ധ നേടി. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും പൊതുവേദിയിൽ ഒരുമിച്ചെത്തുന്നത്. അരലക്ഷത്തിലേറെ ഇന്ത്യൻ വംശജരാണ് ഹ്യൂസ്റ്റണിലെ എൻ ആർ ജി  സ്റ്റേഡിയത്തിൽ ട്രംപും മോദിയും ഒന്നിച്ചെത്തിയ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നത്.

വമ്പൻ പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ ഉണ്ടായില്ലെങ്കിലും ഇരുരാഷ്ട്രത്തലവന്മാരും തമ്മിലുള്ള ഊഷ്മള സൗഹൃദത്തിന്റെ വ്യക്തമായ പ്രകടനത്തിന് സ്റ്റേഡിയം സാക്ഷിയായി എന്നാണ് ട്രംപ്-മോദി കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടാനുള്ള പ്രതിജ്ഞാബന്ധത ഇരുരാജ്യങ്ങളും ഈ വേദിയിലും ആവർത്തിച്ചിട്ടുണ്ട്. ഭീകരവാദത്തിനെതിരെ നിർണ്ണായക നടപടിക്ക് സമയമായെന്നും ട്രംപ് ഈ നിർണ്ണായക നീക്കത്തിൽ ഉറച്ചു നില്ക്കുന്നതായും മോദി അഭിപ്രായപ്പെട്ടു. 

Read More:'സ്വന്തം രാജ്യം ഭരിക്കാനറിയാത്തവര്‍ കശ്മീരിനായി വാദിക്കുന്നു; ട്രംപിനെ വേദിയിലിരുത്തി ഇമ്രാനെ പരിഹസിച്ച് മോദി

അതിർത്തി സംരക്ഷണം ഇന്ത്യയ്ക്കും അമേരിക്കയ്ക്കും  നിർണ്ണായകമാണെന്ന് ട്രംപ് പറഞ്ഞു. ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരൻമാരായ അമേരിക്കൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്നുവെന്നും ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്നും ട്രംപും വ്യക്തമാക്കി.