ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ ജനതയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ മുഴുവന്‍ സമയവും പങ്കെടുപ്പിച്ചുകൊണ്ടുള്ള 'ഹൗഡി മോദി'യില്‍ കശ്മീര്‍ വിഷയത്തിലടക്കം പാക്കിസ്ഥാനുള്ള മറുപടിയും പ്രധാനമന്ത്രി നല്‍കി. ഡൊണാൾഡ് ട്രംപിനൊപ്പം കൈകോർത്ത് പിടിച്ച് നടന്ന്  ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി നടന്നുനീങ്ങിയത്. മോദിയുടെ  പ്രസംഗം തീരുന്നത് വരെ ട്രംപ് വേദിയിലുണ്ടായിരുന്നു. ട്രംപിന് അമേരിക്കയില്‍ രണ്ടാമൂഴം ലഭിക്കട്ടെയെന്നും മോദി ആശംസിച്ചു.

പാകിസ്ഥാനെതിരായ വിമര്‍ശനം

ഇന്ത്യ ഇപ്പോൾ നേടുന്ന പുരോഗതി സ്വന്തം രാജ്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയാത്തവരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി. ഈ ആളുകളുടെ അജണ്ട ഇന്ത്യയോടുള്ള വെറുപ്പാണ്, ഇവർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ഭീകരവാദികൾക്ക് അഭയം നൽകുന്നു, ലോകത്തിന് മുഴുവൻ അറിയാം ഇവരാരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിനെതിരെ നിർണ്ണായക നടപടിക്ക് സമയമായെന്നും ട്രംപ് ഈ നിർണ്ണായക നീക്കത്തിൽ ഉറച്ചു നില്ക്കുന്നതായും മോദി അഭിപ്രായപ്പെട്ടു.

370 ാം അനുച്ഛേദം പരാമർശിച്ച് പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ ജനങ്ങളെ 370ആം അനുച്ഛേദം വഞ്ചിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾക്കുള്ള അധികാരം ജമ്മുകശ്മീരിനും നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തിന്‍റെ വൈവിധ്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പ്രത്യേകതയെന്ന് മോദി ഓര്‍മ്മിപ്പിച്ചു. നമ്മളുടെ ജനാധിപത്യത്തിന്‍റെ ശക്തിയും പ്രചോദനവും ഈ വൈവിധ്യമാണ്. ഇന്നിവിടെ എത്തിയിരിക്കുന്ന 50,000 ഇന്ത്യക്കാരും ഈ വൈവിധ്യത്തിന്റെ പ്രതീകമാണെന്നും മോദി, മലയാളമടക്കം വിവിധ ഭാഷകളിൽ ഇന്ത്യയിൽ എല്ലാം നന്നായിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തിനെതിരെ ട്രംപ്

അതിർത്തി സംരക്ഷണം ഇന്ത്യക്കും അമേരിക്കയ്ക്കും  നിർണ്ണായകമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരൻമാരായ അമേരിക്കൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്നുവെന്നും ട്രംപ്. ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപ് ഇന്ത്യയിലെത്തിയേക്കും

അടുത്ത മാസം മുംബൈയിൽ എത്തിയേക്കുമെന്ന് സൂചിപ്പിച്ച് ട്രംപ് . NBA ബാസ്ക്കറ്റ് ബോൾ മത്സരം കാണാനെത്താമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ്.

മോദിയെ പുകഴ്ത്തി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്‍റ്.  നരേന്ദ്ര മോദി മികച്ച ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യ 300 മില്യൺ ആളുകളെ ദാരിദ്രത്തിൽ നിന്ന് ഉയർത്തിയെന്ന് ട്രംപ് പറഞ്ഞു. മോദിയുടെ ലോക്സഭയിലെ വിജയത്തെ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല.