'ദീപാവലി പടക്കമാകാം പൊട്ടിയതെന്നാണ് ആദ്യം കരുതിയത്. എന്നാൽ  ശബ്ദത്തിൽ അസ്വാഭാവികത  തോന്നിയാണ് ഇറങ്ങി നോക്കിയത്.' 

കോയമ്പത്തൂർ : കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്ത് കാറിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. തീവ്രവാദ ബന്ധം സംശയിച്ച് കേരളത്തിലേക്കടക്കം അന്വേഷണമെത്തിനിൽക്കുമ്പോൾ, എന്താണ് അന്ന് പുലർച്ചെ സംഭവിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിക്കുകയാണ് ദൃക്സാക്ഷി സുന്ദരനാഥൻ.

പുലർച്ചെ ഏകദേശം 3. 45 സമയത്താണ് കാതടപ്പിക്കുന്ന ശബ്ദം കേട്ടതെന്ന് സുന്ദരനാഥൻ വിശദീകരിച്ചു. ദീപാവലി പടക്കമാകാം പൊട്ടിയതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ശബ്ദത്തിൽ അസ്വാഭാവികത തോന്നിയതോടെ വീടിന് പുറത്തേക്ക് ഇറങ്ങി നോക്കി. അപ്പോൾ വീണ്ടും ഒരിക്കൽ കൂടി സ്ഫോടനം ഉണ്ടായി. തീ പടരുന്നതാണ് പുറത്തിറങ്ങിയപ്പോൾ കണ്ടത്. രണ്ടാമത്തെ സ്ഫോടനത്തിൽ കാറ് രണ്ടായി പിളർന്നു. തീ ആളുന്നത് കണ്ടതോടെ, ഉടനെ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു. പൈപ്പിൽ വെള്ളം എടുത്ത് തീ അണയ്ക്കാനും ശ്രമിച്ചു. വൈകാതെ ഫെയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ദീപാവലിയായതിനാൽ ലോക്കൽ പൊലീസും സമീപ സ്ഥലത്തുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി വിശദീകരിച്ചു. 

കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവം ചാവേറാക്രമണമെന്ന നിലയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കേസിൽ ആറ് സംഘങ്ങളാണ് തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. 

കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ വെച്ചാണ് പുലർച്ചെ സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. കേസിലെ അന്വേഷത്തിന്റെ ഭാഗമായി അന്വേഷണ സംഘം കേരളത്തിലുമെത്തിയിട്ടുണ്ട്. 

കോയമ്പത്തൂർ സ്ഫോടനം: അന്വേഷണ സംഘം കേരളത്തിൽ; വിയ്യൂർ ജയിലിലെത്തി വിവരങ്ങൾ ശേഖരിച്ചു