സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ന്യൂഡൽഹി: ഭക്ഷണ ശേഷം നൽകിയ മൗത്ത് ഫ്രഷ്നർ വായിലിട്ട ഉടൻ ഉപഭോക്താക്കൾക്ക് പൊള്ളലേൽക്കുകയും രക്തം ഛർദിക്കുകയും ചെയ്ത സംഭവത്തിൽ റസ്റ്റോറന്റ് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. റസ്റ്റോറന്റ് ജീവനക്കാരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തിയ അഞ്ച് പേരാണ് ചികിത്സ തേടിയത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുഗ്രാമം സെക്ടർ 90ലെ ഒരു കഫേയിൽ ഭക്ഷണം കഴിക്കാനെത്തിയ അങ്കിത് കുമാർ എന്നയാളും ഭാര്യയും ഏതാനും സുഹൃത്തുക്കളുമാണ് ചികിത്സയിലുള്ളത്. മൗത്ത് ഫ്രഷ്നർ വായിലിട്ട ഉടൻ തന്നെ ഇവ‍ർ അസ്വസ്ഥതയും വേദനയും കാരണം നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. ഒരാൾ നിലത്തേക്ക് രക്തം ഛർദിക്കുന്നതും ഒരു സ്ത്രീ വായിൽ ഐസ് ക്യൂബുകള്‍ വെയ്ക്കുന്നതും കാണാം. 'ഇത് പൊള്ളുന്നു' എന്ന് അവർ വിളിച്ചുപറയുന്നുമുണ്ട്.

'മൗത്ത് ഫ്രഷ്നറിൽ അവർ എന്താണ് മിക്സ് ചെയ്ത് തന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. ഇവിടെ എല്ലാവരും ഛർദിക്കുകയാണ്. നാക്കിൽ മുറിവുണ്ടായി. വായ മുഴുവൻ വെന്തുനീറുന്നു. എന്ത് തരം ആസിഡാണ് ഈ തന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല' - അങ്കിത് കുമാർ പറയുന്നു. പിന്നീട് പൊലീസിനെ വിളിക്കാൻ അദ്ദേഹം കഫേയിലുള്ള മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു. 

മൗത്ത് ഫ്രഷ്നറിന്റെ പാക്കറ്റ് താൻ ഡോക്ടറെ കാണിച്ചതായും, അത് ഡ്രൈ ഐസ് എന്ന് അറിയപ്പെടുന്ന വസ്തുവാണെന്ന് ഡോക്ടർ പറഞ്ഞതായും അങ്കിത് കുമാറിന്റെ പാരാതിയിൽ ആരോപിക്കുന്നുണ്ട്. മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള രാസവസ്തുവാണിതെന്ന് ഡോക്ടർ പറഞ്ഞതായും അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328, 120-ബി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്