റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുകയാണ്. ഇന്ന് ദില്ലിയിലെത്തുന്ന പുടിൻ 26-27 മണിക്കൂര്‍ ഇന്ത്യയിൽ ചെലവഴിക്കുന്നുണ്ട്.
ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. നിർണായക ചർച്ചകളും തന്ത്രപ്രധാനമായ നിരവധി യോഗങ്ങളും പ്രധാന പ്രഖ്യാപനങ്ങളുമെല്ലാം പ്രതീക്ഷിക്കുന്നതിനാൽ തന്നെ അന്താരാഷ്ട്ര തലത്തിൽ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. 26-27 മണിക്കൂർ പുടിൻ ഇന്ത്യയിൽ ചെലവഴിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. റിപ്പോർട്ടുകൾ പ്രകാരം ‘രഹസ്യ കൂടിക്കാഴ്ച’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു യോഗത്തോടെയാണ് റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ആരംഭിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ എന്നിവർ മാത്രം പങ്കെടുക്കുന്ന സുപ്രധാന യോഗമാണ് ആദ്യം നടക്കുക. 2024 ജൂലൈയിൽ മോസ്കോ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്രെംലിനിൽ സംഘടിപ്പിച്ച സ്വകാര്യ യോഗത്തിന്റെ ശൈലിയിലാണ് ദില്ലിയിൽ കൂടിക്കാഴ്ച നടക്കുക. പുടിന്റെ ഇന്ത്യാ സന്ദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും ഈ കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ട്. അടച്ചിട്ട മുറിയിലെ ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിൽ മോദി ഒരു സ്വകാര്യ അത്താഴവിരുന്നും സംഘടിപ്പിക്കുന്നുണ്ട്.
ആൻഡ്രി ബെലോസോവ്, ആന്റൺ സിലുവാനോവ്, വ്‌ളാഡിമിർ കൊളോകോൾട്‌സോവ്, സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുള്ളിന എന്നിവരുൾപ്പെടെ ഒമ്പത് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടുന്ന ശക്തമായ ഒരു റഷ്യൻ പ്രതിനിധി സംഘം പുടിനൊപ്പമുണ്ടാകും. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന് പകരം ഡെപ്യൂട്ടി മന്ത്രി ആൻഡ്രി റുഡെൻകോയാണ് വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നത്. പ്രതിനിധി സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള ഉഭയകക്ഷി ചർച്ചകൾ ഹൈദരാബാദ് ഹൗസിൽ നടക്കും. ഇതിന് ശേഷം ഒരു സംയുക്ത പ്രസ്താവന, റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിൻ നിർമ്മാണത്തെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ നിർണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും. വെള്ളിയാഴ്ച വൈകുന്നേരം പുടിൻ മോസ്കോയിലേക്ക് മടങ്ങും.


