സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് യുയു ലളിത് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു
ദില്ലി: മുന്നാക്കസംവരണ വിധിയിൽ തന്റെ തീരുമാനം മനസാക്ഷിക്ക് അനുസരിച്ചായിരുന്നുവെന്ന് മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത് ഏഷ്യാനെറ്റ് ന്യൂസിനോട്. ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിധിയോട് ചീഫ് ജസ്റ്റിസ് യോജിക്കുന്നത് അസാധാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ജസ്റ്റിസ് രവീന്ദ്രഭട്ടിന്റെ വിധിയോട് യോജിച്ച ചീഫ് ജസ്റ്റിസ് മുന്നോക്ക സംവരണത്തെ എതിർത്തിരുന്നു.

സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകുന്ന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം നീളുന്നത് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിഹരിക്കാൻ കൊളീജിയം ശുപാർശകളിൽ സർക്കാർ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്മനാഭസ്വാമി ക്ഷേത്ര കേസിൽ വസ്തുതയ്ക്ക് അനുസരിച്ചാണ് വിധി പറഞ്ഞതെന്ന് റിട്ട ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അഭിപ്രായം വ്യക്തിപരം മാത്രമാണ്.രാജകുടുംബത്തിന് അതിൽ ചില അവകാശങ്ങളുണ്ടെന്നും കേസിൽ വിധി പറഞ്ഞ സാഹചര്യം വിശദീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
മലയാളി അടക്കം നാല് പേരെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിൽ സുപ്രീം കോടതി കൊളീജിയത്തിൽ യോജിപ്പിന് ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. ഇതിൽ കൊളീജീയത്തിൽ ചർച്ച നടത്താനായില്ല. അക്കാര്യത്തിൽ തനിക്ക് നിരാശയൊന്നുമില്ല. കൊളീജിയം പിന്നീട് യോഗം ചേരാനായില്ല. അതുകൊണ്ടാണ് ഇക്കാര്യത്തിൽ കൊളീജിയത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് പാസാക്കിയ നിയമം അനുസരിച്ചുള്ള പദവി തന്നാൽ ഏറ്റെടുക്കും. വ്യക്തിപരമായി സർക്കാർ നൽകുന്ന പദവികളിൽ താൽപര്യമില്ല. സമയപരിമിതി കൊണ്ടാണ് കേരളത്തിലെ സ്വർണ്ണക്കടത്ത് കേസ് തീർപ്പാക്കാൻ കഴിയാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ ചീഫ് ജസ്റ്റിസായിരിക്കെ ആറ് ഭരണഘടന ബെഞ്ചുകൾ രൂപീകരിക്കാനായത് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജഡ്ജിമാരെയും ഈ ഭരണഘടനാ ബെഞ്ചുകളിൽ ഉൾപ്പെടുത്താനായി.
