ദില്ലിയില്‍ നഴ്സായിരുന്ന രാജമ്മ വാവത്തിലെന്ന 72കാരിയായ റിട്ടയഡ് നഴ്സ് വയനാട്ടുകാരിയാണ്. ഇവര്‍ ദില്ലിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ജനനം
വയനാട്: രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് ആശുപത്രിയിലെ ലേബര്‍ റൂമില്‍ ഉണ്ടായിരുന്നത് താനായിരുന്നെന്നും കുഞ്ഞു രാഹുലിനെ കൈകളിലെടുക്കാന്‍ ഭാഗ്യം തനിക്ക് ലഭിച്ചെന്നും വ്യക്തമാക്കി ദില്ലിഹോളി ഫാമിലി ആശുപത്രി റിട്ടയഡ് നഴ്സ്. ദില്ലിയില്‍ നഴ്സായിരുന്ന രാജമ്മ വാവത്തിലെന്ന 72കാരിയായ റിട്ടയഡ് നഴ്സ് വയനാട്ടുകാരിയാണെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവര്‍ ദില്ലിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ജനനം. 1970 ജൂണ്‍ 19 നായിരുന്നു അത്. ജനിച്ച സമയത്ത് രാഹുലിനെ ഞാനാണ് എടുത്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയെ ആദ്യമായി കാണാന്‍ കഴിഞ്ഞത് ഞാന്‍ ഉള്‍പ്പെടേ അന്ന് ലേബര്‍ റൂമിലുണ്ടായിരുന്നവര്‍ക്കായിരുന്നു.
വളരെ സുന്ദരനായിരുന്നു കുഞ്ഞു രാഹുല്‍. സോണിയ ഗാന്ധിയെ ലേബര്‍റൂമില്‍ പ്രവേശിപ്പിച്ച സമയത്ത് രാജീവ് ഗാന്ധിയും സഹോദരന്‍ സഞ്ജീവ് ഗാന്ധിയും ലേബര്‍റൂമിന് പുറത്തുണ്ടായിരുന്നുവെന്നും രാജമ്മ ഓര്‍മ്മിക്കുന്നു.
