നിലവിൽ മകൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന്  വ്യക്തമാക്കിയ രാധിക സിം​ഗ് കൂടുതൽ ശക്തനായിട്ടാണ് മകൻ പുറത്തു വരുന്നതെന്നും വിശദമാക്കി.

ദില്ലി: മകന്റെ തിരിച്ചുവരവ് കുടുംബത്തിനും പാർട്ടിക്കും കരുത്ത് പകരുമെന്ന് മദ്യനയ കേസിൽ ജാമ്യം ലഭിച്ച എഎപി നേതാവ് സഞ്ജയ് സിം​ഗിന്റെ അമ്മ രാധിക സിം​ഗ് ഏഷ്യാനെറ്റ് ന്യൂസിനോട്. മകനെ ദ്രോഹിച്ചവർക്ക് കാലം മറുപടി നൽകുമെന്നും രാധിക സിം​ഗ് കൂട്ടിച്ചേർത്തു. നിലവിൽ മകൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കിയ രാധിക സിം​ഗ് കൂടുതൽ ശക്തനായിട്ടാണ് മകൻ പുറത്തു വരുന്നതെന്നും വിശദമാക്കി. വിവാദമായ മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇതേ കേസിൽ എഎപി നേതാവായ സഞ്ജയ് സിം​ഗിന് ജാമ്യം ലഭിച്ചിരിക്കുന്നത്. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 

തെളിവില്ല, മാപ്പുസാക്ഷിയുടെ മൊഴിയിലും പേരില്ല; സഞ്ജയ് സിങിന് മദ്യനയക്കേസിൽ ജാമ്യം, ഇഡിക്ക് വിമര്‍ശനം

ഇഡിയെ വിമര്‍ശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവെവിടെയെന്ന് ചോദിച്ചു. മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ മൊഴിയിലും ഇദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് ജാമ്യം ലഭിക്കാൻ സഹായമായത്. ഇഡി ആരോപിച്ച നിലയിൽ സഞ്ജയ് സിങ് കൈപ്പറ്റിയെന്ന് പറയുന്ന പണം കണ്ടെത്താൻ കഴിയാതിരുന്നതും ജാമ്യം ലഭിക്കുന്നതിൽ നിര്‍ണായകമായി. ജാമ്യത്തിലിറങ്ങുന്ന സഞ്ജയ് സിങിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്നും ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പാര്‍ട്ടിയുടെ പരമോന്നത സമിതിയായ രാഷ്ട്രീയ കാര്യ സമിതി അംഗമായ സഞ്ജയ് സിങ് രാജ്യസഭാംഗവുമാണ്. കേസിൽ അറസ്റ്റിലായ നാല് മുതിര്‍ന്ന എഎപി നേതാക്കളിൽ ജയിൽ മോചിതനാകുന്ന ആദ്യത്തെ നേതാവാണ് ഇദ്ദേഹം. മദ്യനയക്കേസ് രാഷ്ട്രീയ വേട്ടയെന്ന് ആരോപിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതൃത്വത്തെ സംബന്ധിച്ച് സഞ്ജയ് സിങിന്റെ മടങ്ങിവരവ് ആശ്വാസവും ആവേശവുമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്