ഏക്കറു കണക്കിന് കുന്നിടിച്ച് മണ്ണ് കടത്തി. സമീപത്തെ നിലവും പുഴയോരവും നികത്തി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ കുന്നിടിക്കലിനെതിരെ മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് പിഴ ചുമത്താൻ നടപടി തുടങ്ങി.

തിരുവനന്തപുരം: വിളവൂര്‍ക്കലിൽ കുന്നിടിച്ച് വന്‍ തോതിൽ മണ്ണ് കടത്തുന്നതിനും നിലം നികത്തുന്നതിനുമെതിരെ നടപടിക്ക് റവന്യൂ വകുപ്പ്. കുന്നിടിക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിനും ജിയോളജി വകുപ്പിനും സ്ഥലം സന്ദര്‍ശിച്ച നെടുമങ്ങാട് ആര്‍ഡിഒ കെപി ജയകുമാര്‍ കത്ത് നൽകും. സമീപത്തെ സ്ഥലത്തെ കൃഷിയെയും ബാധിക്കുന്ന തരത്തിലാണ് നിലം നികത്തലെന്നതിനാൽ നടപടിക്ക് ശുപാര്‍ശ ചെയ്ത് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകും. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.

എരിക്കലം കുന്നിൽ ഏക്കറു കണക്കിന് കുന്നിടിച്ച് മണ്ണ് കടത്തി. സമീപത്തെ നിലവും പുഴയോരവും നികത്തി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ കുന്നിടിക്കലിനെതിരെ മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് പിഴ ചുമത്താൻ നടപടി തുടങ്ങി. എന്നാൽ പുല്ലുവില കൽപിച്ച് വീണ്ടും പാതിരായ്ക്ക് മണ്ണെടുപ്പ് സംഘം കുന്നിടിക്കൽ തുടങ്ങി. സമീപത്തെ നിലം നികത്തലിൽ അറിവില്ലായ്മ കൊണ്ടാണ് നിലം നികത്തിയതെന്ന് ഉടമയുടെ വാദം അംഗീകരിച്ച് തരം മാറ്റുന്നതു വരെ തൽസ്ഥിതി തുടരണമെന്ന വിചിത്ര ഉത്തരവ് ഇറങ്ങി. ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നെടുമങ്ങാട് അര്‍ഡിഒ കെ പി ജയകുമാര്‍ സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ചത്.

എരിക്കലം കുന്ന് രാത്രികാലങ്ങളിൽ ഇടിച്ച് മണ്ണ് കടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും കത്ത് നൽകും. നടപടി തുടങ്ങിയ ശേഷവും മണ്ണെടുപ്പ് തുടരുന്ന കാര്യം ജിയോളജി വകുപ്പിനെയും അറിയിക്കും. കളക്ടര്‍ക്കും റിപ്പോര്‍ട്ട് നൽകും. 42 സെന്‍റ് നിലം നികത്തലിൽ ഇപ്പോഴത്തെ ഉത്തരവ് മാറ്റാനുള്ള നടപടികളും തുടങ്ങും. വില്ലേജ് ഓഫീസറോടും കൃഷി ഓഫീസറോടും ആര്‍ഡിഒ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിലം ഡാറ്റാ ബാങ്കിൽ ഉള്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കും. വയൽ നികത്തൽ സമീപത്തെ കൃഷിക്ക് പ്രശ്നമാണെന്നതടക്കം ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകും. വില്ലേജ്, കൃഷി ഓഫീസര്‍മാരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. കരമനയാറിന്‍റെ തീരത്ത് മണ്ണിട്ട് നികത്തിയതിൽ സര്‍വേ വകുപ്പിന്‍റെ പരിശോധന ആവശ്യപ്പെടും. പുറമ്പോക്കാണോ നികത്തിയതെന്ന് കണ്ടെത്താനാണിത്.