ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ‘കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു’ എന്ന് കട്ജു പറഞ്ഞു. വിദ്യാര്‍ഥിനികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവച്ച് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അതിനിടെ പൊലീസ് അക്രമത്തിനെതിരെ ജാമിയ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈസ് ചാന്‍സലറും രംഗത്തെത്തി.  വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് വൈസ് ചാൻസിലർ  നജ്മ അക്തർ പറഞ്ഞു. വിദ്യാർഥികളെ പൊലീസ് ക്രൂരമായാണ് നേരിട്ടതെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. 

വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല. ജാമിയ മിലിയ സർവകലാശാല മുഴുവനും ഒപ്പം ഉണ്ട്. യാതൊരു തരത്തിലുള്ള ഭയവും വേണ്ടെന്നും വിദ്യാര്‍ത്ഥികളോട് വി സി പറഞ്ഞു. സർവകലാശാല ഇറക്കിയ വീഡിയോയിൽ ആണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ വിദ്യാര്‍ഥികളോടു ചെയ്തതുകണ്ടു സഹിക്കാനാകുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയാവുന്നിടത്തോളം മുന്നോട്ടുകൊണ്ടുപോകും.’- വി.സി പറഞ്ഞു. ജാമിയയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചുമാണെന്ന് സര്‍വകലാശാലാ അധികൃതര്‍ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു.