രാത്രി വൈകിയും പുലർച്ചെയും കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നത് പതിവായിരുന്നുവെന്നും ബെൽറ്റിന് അടിക്കുകയും തല ഭിത്തിയിൽ പിടിച്ച് ഇടിച്ചിരുന്നതായും അയൽവാസികൾ

കൊൽക്കത്ത: കൊൽക്കത്തയെ ഞെട്ടിച്ച യുവ ഡോക്ടറുടെ ബലാത്സംഗത്തിലെ പ്രധാന പ്രതിയുടെ അനന്തരവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളില കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് 11കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആർജി കർ മെഡിക്കൽ കോളേജിൽ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ കയ്യേറ്റം ചെയ്തിരുന്നതായാണ് അയൽവാസികൾ ആരോപിക്കുന്നത്. നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയാണ് മർദ്ദിച്ചത്. ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് മർദ്ദിച്ചതായും ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നുണ്ട്.

11കാരിയെ അച്ഛനും രണ്ടാനമ്മയും പതിവായി മർദ്ദിച്ചിരുന്നതായി നാട്ടുകാർ

സ്ഥലത്തെത്തിയ പൊലീസാണ് ദമ്പതികളെ നാട്ടുകാരിൽ നിന്ന് രക്ഷിച്ചത്. സഞ്ജയ് റോയിയുടെ സഹോദരി ബബിതയെ ആയിരുന്നു ഭോല സിംഗ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള മകളാണ് കൊല്ലപ്പെട്ടത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ബബിത ജീവനൊടുക്കിയതിന് പിന്നാലെ ബബിതയുടെ ഇളയ സഹോദരിയെ ഭോല സിംഗ് വിവാഹം ചെയ്യുകയായിരുന്നു. അലമാരിക്കുള്ളിലെ ഹാംഗറിലുണ്ടായിരുന്ന തുണിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂജ ആശുപത്രിയിൽ പോയി തിരിച്ച് എത്തുമ്പോഴാണ് 11 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കൾ 11കാരിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായാണ് അയൽവാസികൾ ആരോപിക്കുന്നത്.

രാത്രി വൈകിയും പുലർച്ചെയും കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നത് പതിവായിരുന്നുവെന്നും ബെൽറ്റിന് അടിക്കുകയും തല ഭിത്തിയിൽ പിടിച്ച് ഇടിച്ചിരുന്നതായുമാണ് അയൽവാസികൾ ആരോപിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനെമെങ്കിലും കൊലപാതക സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. കുടുംബത്തിലെ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം