ദില്ലി: കോൺഗ്രസിൽ രാഹുൽഗാന്ധിയുടെ വിശ്വസ്തർക്കും പ്രമുഖ നേതാക്കൾക്കും ഇടയിലെ തർക്കം വീണ്ടും മുറുകുന്നു. ചില നേതാക്കൾക്ക് നരേന്ദ്ര മോദിയെ പേടിയെന്ന് രാഹുൽ ഗാന്ധി പ്രവർത്തകസമിതി യോഗത്തിൽ ആഞ്ഞടിച്ചതോടെയാണ് വിവാദം കനക്കുന്നത്. ഇതിനിടെ, രാഹുൽ ഗാന്ധിയെ വീണ്ടും അദ്ധ്യക്ഷനാക്കാൻ വിർച്വൽ എഐസിസി സമ്മേളനം വിളിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രചാരണസമയത്ത് മുതിർന്ന നേതാക്കൾ ഒറ്റപ്പെടുത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഒരു വ‍ർ‍ഷത്തിനു ശേഷം സമാന വിവാദം കൊഴുക്കുകയാണ് കോൺഗ്രസിൽ. ചൈനീസ് വിഷയത്തിൽ നരേന്ദ്രമോദിയെ വ്യക്തിപരമായി വിമർശിക്കേണ്ടതില്ലെന്ന് ആർപിഎൻ സിംഗ് യോഗത്തിൽ പറഞ്ഞതിനോടാണ് രാഹുൽ രൂക്ഷമായി പ്രതികരിച്ചത്. തനിക്ക് മോദിയെ ഭയമില്ലെന്ന് രാഹുൽ പൊട്ടിത്തെറിച്ചു. പാർട്ടിയിലെ പലരും മോദിയേയും അമിത് ഷായേയും നേരിട്ടെതിർ‍ക്കാൻ മടിക്കുന്നു എന്നും രാഹുൽ ആഞ്ഞടിച്ചു. പ്രിയങ്ക ഗാന്ധിയും രാഹുലിനോട് യോജിച്ചു. 

എന്നാൽ പാർലമെന്‍റിലുൾപ്പടെ സർക്കാരിനെ എല്ലാ നേതാക്കളും പ്രതിരോധിക്കുന്നുണ്ട് എന്നായിരുന്നു ആനന്ദ് ശ‍ർമ്മയുടെ മറുപടി. ശക്തമായ നിലപാട് സർക്കാരിനെതിരെ സ്വീകരിക്കണമെന്നും എന്നാൽ സമൂഹമാധ്യമങ്ങളിലെ ഭാഷ ശ്രദ്ധിക്കണമെന്നും അഹമ്മദ് പട്ടേൽ നിർദ്ദേശിച്ചു. രാഹുൽ ഗാന്ധിയെ വീണ്ടും അദ്ധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടു വരണം എന്ന വാദം ശക്തമാകുമ്പോഴാണ് ഈ വിവാദം. 

പ്രവർത്തകസമിതി യോഗത്തിൽ അശോക് ഗലോട്ട് രാഹുൽ വീണ്ടും അദ്ധ്യക്ഷനാകണം എന്ന നിലപാട് മുന്നോട്ട് വച്ചു. വിർച്വൽ എഐസിസി യോഗം വിളിച്ച് ഇക്കാര്യം  പരിഗണിക്കണമെന്ന് രാജീവ് സത്വയും ആവശ്യപ്പെട്ടു. രാഹുൽ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ഒരു വർഷത്തിന് ശേഷവും മുതിർന്ന നേതാക്കൾക്കും രാഹുൽക്യാംപിനും ഇടയിലെ ശീതസമരം തുടരുന്നു എന്ന സൂചനയാണ് ഈ വിവാദം.