എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിനെതിരെ 30-ൽ അധികം എംഎൽഎമാർ സി വി ഷൺമുഖത്തിൻ്റെ വീട്ടിൽ രഹസ്യയോഗം ചേർന്നു. ഒപിഎസിനുണ്ടായ അതേ അവസ്ഥ ഇപിഎസിനും വരുമോ എന്ന ചോദ്യം ഉയരുകയാണ്.

ചെന്നൈ: എഐഎഡിഎംകെയിൽ ഉൾപ്പാർട്ടി ഭിന്നത രൂക്ഷമാകുന്നു. ഇതിന്റെ ഭാ​ഗമായി ഞായറാഴ്ച മുതിർന്ന നേതാക്കൾ വെവ്വേറെ യോഗങ്ങൾ ചേർന്നു. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചപ്പോൾ, മുതിർന്ന നേതാക്കളായ സി വി ഷൺമുഖവും എസ് പി വേലുമണിയും സമാന്തരമായി എംഎൽഎമാരുടെ മറ്റൊരു യോഗം സംഘടിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമത വിഭാഗം വിളിച്ച യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാരും ജില്ലാ സെക്രട്ടറിമാരും പങ്കെടുത്തതായാണ് റിപ്പോർട്ട്. എന്നാൽ, എടപ്പാടി പക്ഷത്ത് വളരെ കുറച്ച് ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ വീശിയടിക്കുന്ന പുതിയ രാഷ്ട്രീയക്കാറ്റ് ഇപിഎസിൻ്റെ കസേരയെത്തന്നെയാണ് ഉലയ്ക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസം തന്നെയാണ് ഈ യോഗങ്ങൾ നടന്നത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ വിജയിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും വിമത യോഗത്തിൽ ചർച്ചകൾ നടന്നതായാണ് സൂചന.

ടിവികെയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാനും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുവരാനും വിമത വിഭാഗം തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എംആർസി നഗറിലെ സി വി ഷൺമുഖത്തിന്റെ വസതിയിൽ വെച്ച് നടന്ന എംഎൽഎമാരുടെ രഹസ്യ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. 30-ൽ അധികം എംഎൽഎമാർ ഇപിഎസിനെതിരെ ഒന്നിച്ചുകൂടിയത് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടാനാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സി വി ഷൺമുഖത്തെ ജനറൽ സെക്രട്ടറിയാക്കണം, അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹത്തിന് നൽകണം എന്നാണ് എംഎൽഎമാരുടെ പ്രധാന ആവശ്യം. ഇപിഎസിൻ്റെ ശക്തികേന്ദ്രമായ കൊങ്കുമണ്ഡലത്തിൽ നിന്നുള്ള എസ് പി വേലുമണിയും ഈ നീക്കത്തിന് പിന്തുണ നൽകുന്നുണ്ടെന്ന വാർത്ത ഇപിഎസ് ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. പാർട്ടിയിലെ എല്ലാ അധികാരവും എടപ്പാടി പളനിസ്വാമി തന്നിൽ മാത്രം കേന്ദ്രീകരിക്കുന്നത് സി വി ഷൺമുഖം, വേലുമണി പോലുള്ള ശക്തരായ നേതാക്കൾക്ക് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വെറും 47 സീറ്റുകൾ മാത്രമാണ് നേടിയത്. ഇതോടെ നിയമസഭയിലെ പ്രതിപക്ഷ പാർട്ടി എന്ന പദവിയും അവർക്ക് നഷ്ടമായി. തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളും സഖ്യ തീരുമാനങ്ങളിലെ പാളിച്ചകളും കാരണം സാധാരണ പ്രവർത്തകർ മുതൽ മുതിർന്ന നേതാക്കൾ വരെ ഇപിഎസിനോട് കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ട്. ചരിത്രത്തിലാദ്യമായാണ് അഞ്ച് വർഷത്തിലധികം എഐഎഡിഎംകെ പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നത്. പാർട്ടിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ ചേരിപ്പോര് ഒരു പുതിയ നേതൃത്വത്തിന് വഴിവെക്കുമോ അതോ മറ്റൊരു പിളർപ്പിലേക്ക് നയിക്കുമോ എന്നതാണ് പ്രധാന ചോദ്യം.