യാത്ര ചെയ്യുന്ന ക്ലാസ് പരിഗണിക്കാതെ എല്ലാ ട്രെയിൻ യാത്രക്കാർക്കും തുല്യ സുരക്ഷയ്ക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് കാലുകൾ നഷ്ടപ്പെട്ട യാത്രക്കാരന്റെ കേസിൽ, സുരക്ഷിതമായ യാത്രാ സാഹചര്യം ഒരുക്കുന്നതിൽ റെയിൽവേ പരാജയപ്പെട്ടു.

ഭോപ്പാൽ: ട്രെയിനിൽ യാത്ര ചെയ്യുന്ന ഏതൊരു യാത്രക്കാരനും തുല്യമായ സുരക്ഷ, സംരക്ഷണം, ജാഗ്രത എന്നിവയ്ക്ക് അർഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ച് ഇതിന് മാറ്റം വരുത്തരുതെന്നും കോടതി വ്യക്തമാക്കി. തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട യാത്രക്കാരന് സുരക്ഷിതമായ യാത്രാ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് റെയിൽവേ ഉത്തരവാദിയാണെന്ന് ജസ്റ്റിസ് ഹിമാൻഷു ജോഷിയുടെ ബെഞ്ച് വിധിച്ചു.

പ്രീമിയം ട്രെയിനുകളിലെ ഉയർന്ന ക്ലാസുകളിൽ യാത്ര ചെയ്യുന്നവരുടെ ജീവിതത്തെയും അന്തസിനെയും റെയിൽവേ എങ്ങനെ അംഗീകരിച്ച് സംരക്ഷിക്കുന്നുവോ അതുപോലെ തന്നെ ജനറൽ ക്ലാസിൽ യാത്ര ചെയ്യുന്നവരുടെയും ജീവിതത്തെയും അന്തസിനെയും തുല്യമായി അംഗീകരിക്കാനും സംരക്ഷിക്കാനും ബാധ്യസ്ഥരാണ്. മനുഷ്യജീവന്‍റെ മൂല്യം വാങ്ങുന്ന ടിക്കറ്റിന്‍റെ വിഭാഗത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നില്ല. ഓരോ യാത്രക്കാരനും, ക്ലാസ് പരിഗണിക്കാതെ, റെയിൽവേയിൽ നിന്ന് ഒരേ നിലവാരത്തിലുള്ള സുരക്ഷ, സംരക്ഷണം, ജാഗ്രത എന്നിവയ്ക്ക് അർഹതയുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു

2012 ജൂൺ ഒന്നിന് ദക്ഷിൺ എക്‌സ്‌പ്രസിൽ ആംലയിൽ നിന്ന് ഭോപ്പാലിലേക്ക് കുടുംബത്തോടൊപ്പം സാധുവായ ടിക്കറ്റോടെ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്‍റെ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. കോച്ചിലെ കനത്ത തിരക്ക് കാരണം യാത്രക്കാരൻ പുറത്തേക്ക് വീഴുകയും ചക്രങ്ങൾക്കടിയിൽ അകപ്പെടുകയും ചെയ്തു. ഇതിന്‍റെ ഫലമായി അദ്ദേഹത്തിന്‍റെ കാൽമുട്ടിന് മുകളിൽ വെച്ച് ഇരു കാലുകളും മുറിച്ചുമാറ്റേണ്ടി വന്നു.

അപകടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപ്പീൽക്കാരൻ നൽകിയ ക്ലെയിം ഭോപ്പാലിലെ റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ ആദ്യം തള്ളിയിരുന്നു. ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചതിലൂടെ അദ്ദേഹം സ്വന്തം സുരക്ഷയ്ക്ക് വിട്ടുവീഴ്ച വരുത്തി എന്ന് ട്രിബ്യൂണൽ കണ്ടെത്തുകയായിരുന്നു. ഈ കണ്ടെത്തലിനെ ചോദ്യം ചെയ്തുകൊണ്ട്, ജനക്കൂട്ടത്തിന്‍റെ തള്ളൽ കാരണം താൻ വീഴുകയായിരുന്നുവെന്നും, ക്രിമിനൽ സ്വഭാവമുള്ളതോ അശ്രദ്ധമായതോ ആയ യാതൊരു പ്രവൃത്തിയും താൻ ചെയ്തിട്ടില്ലെന്നും യാത്രക്കാരൻ വാദിച്ചു.

രേഖകൾ പരിശോധിച്ച ബെഞ്ച്, ഓടുന്ന ട്രെയിനിൽ നിന്ന് വീണതിനെത്തുടർന്നാണ് യാത്രക്കാരന് പരിക്കേറ്റുവെന്നുള്ളതിൽ തർക്കമില്ലെന്ന് നിരീക്ഷിച്ചു. ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു എന്ന റെയിൽവേയുടെ വാദത്തിൽ കഴമ്പില്ലെന്ന് കോടതി കണ്ടെത്തുകയും, ആ വിശദീകരണത്തെ 'തികച്ചും തൃപ്തികരമല്ലാത്തതും' 'ശക്തമായ വിമർശനം അർഹിക്കുന്നതും' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ജനറൽ ക്ലാസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പ്രീമിയം ട്രെയിനുകളിലെ ഉയർന്ന ക്ലാസുകളിൽ യാത്ര ചെയ്യുന്നവർക്ക് ലഭിക്കുന്ന അതേ അന്തസും സംരക്ഷണവും ലഭിക്കണമെന്ന് കോടതി എടുത്തുപ്പറഞ്ഞു. റെയിൽവേ ആക്ടിന്‍റെ സെക്ഷൻ 124എ പ്രകാരമുള്ള നിയമപരമായ ബാധ്യതയിൽ നിന്ന് ഇരയുടെ മേൽ ഭാരം ചുമത്തി റെയിൽവേയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ബെഞ്ച് അന്തിമമായി നിഗമനത്തിലെത്തി. അതുകൊണ്ട്, ബെഞ്ച് അപ്പീൽ അനുവദിക്കുകയും നിലവിലുള്ള ഷെഡ്യൂളുകളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് നഷ്ടപരിഹാരം നൽകാൻ ട്രിബ്യൂണലിന് നിർദ്ദേശം നൽകുകയും ചെയ്തു.