ബംഗാളിൽ മമത ബാനർജിയുടെ പക്ഷത്തെ മറികടന്ന് ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയോടെ സ്പീക്കർ ഈ തീരുമാനം അംഗീകരിച്ചതോടെ, 28 വർഷം പഴക്കമുള്ള തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്.
കൊൽക്കത്ത: ഋതബ്രത ബാനർജി ബംഗാൾ പ്രതിപക്ഷ നേതാവ്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ അംഗീകരിച്ച് സ്പീക്കർ. മമതാ വിഭാഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയത്. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എല്‍ എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവാക്കിയത്. അതേസമയം ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി പക്ഷം സ്പീക്കര്‍ക്ക് നല്‍കിയ കത്ത് സ്പീക്കർ പരിഗണിച്ചില്ല. അതിനിടെ നീക്കങ്ങള്‍ ചടുലമാക്കിയ ബിജെപി, മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും, സ്പീക്കറേയും ദില്ലിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വ്യക്തമാക്കി. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും അറിയിച്ചു.
പിളരുമോ തൃണമൂൽ, ജീവൻ മരണ പോരാട്ടത്തിൽ മമത
രാഷട്രീയ വൃത്തങ്ങളില്‍ ബംഗാള്‍ കടുവയെന്നറിയപ്പെടുന്ന മമത ബാനര്‍ജി അവര്‍ പറഞ്ഞത് പോലെ തന്നെ ജീവൻ മരണ പോരാട്ടത്തിലാണ്. മമത സ്ഥാപിച്ച 28 വര്‍ഷം പഴക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിന്‍റെ വക്കിലാണ്. നിയമസഭ തെരഞ്ഞെടുപ്പിലേറ്റ വമ്പൻ പരാജയത്തോടെ ദുര്‍ബലമായ പാര്‍ട്ടി, പുറത്താക്കപ്പെട്ട രണ്ട് എം എല്‍ എമാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ ആടിയുലയുകയാണ്. എണ്‍പതില്‍ അന്‍പത്തിയൊന്‍പത് എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി വിമത എം എല്‍ എ ഋതബൃത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചതോടെ മമത പക്ഷം കടുത്ത പ്രതിസന്ധിയിലായി. പ്രതിപക്ഷ നേതാവായി തന്നെ അംഗീകരിക്കണമെന്നും എം എല്‍ എമാരുടെ ഭൂരിപക്ഷത്തില്‍ യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന അവകാശവുമായാണ് ഋതബൃതയുടെ നീക്കം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സന്ദീപന്‍ സാഹ എം എല്‍ എയും ഋതബൃതക്കൊപ്പമുണ്ട്. യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും മമതയുടെയും, അഭിഷേക് ബാനര്‍ജിയുടെയും നേതൃത്വം അംഗീകരിക്കാനാവില്ലെന്നും ഋതബ്രത വ്യക്തമാക്കി.
അതേ സമയം ശോഭന്‍ദേബ് ചതോപാധ്യയെയാണ് പാര്‍ട്ടി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്തെന്നും അദ്ദേഹത്തെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുമുള്ള കത്ത് മമത ബാനര്‍ജി പക്ഷം സ്പീക്കര്‍ക്ക് കൈമാറിയിരുന്നു. ഋതബ്രത പിന്തുണ കത്തുമായി നിയമസഭയിലെത്തിയതിന് പിന്നാലെ സ്പീക്കര്‍ക്ക് നല്‍കിയ കത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഇന്നലെ മമത ബാനര്‍ജി നേരിട്ട് പങ്കെടുത്ത പ്രതിഷേധ യോഗത്തില്‍ എണ്‍പതില്‍ വെറും എട്ട് എം എല്‍ എമാര്‍ മാത്രമാണ് പങ്കെടുത്തത്. 42 എം പിമാരില്‍ 6 പേർ മാത്രമേ യോഗത്തിന് എത്തിയുള്ളു എന്നതും ശ്രദ്ധേയമായി. മമത പക്ഷം ശുഷ്കമാണെന്ന് വ്യക്തമായതോടെയാണ് വിമത പക്ഷം നീക്കങ്ങള്‍ക്ക് വേഗം കൂട്ടിയത്. പാര്‍ട്ടി പിളര്‍ത്താന്‍ 53 എം എല്‍ എമാരുടെ പിന്തുണ മതിയാകും. ചിഹ്നത്തിലടക്കം അവകാശവാദം ഉന്നയിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാകും ആദ്യ നീക്കം. നിലവില്‍ പ്രതിസന്ധികളില്ലാതെ ഭരിക്കുന്ന ബി ജെ പിയും ആ നീക്കങ്ങളെ പിന്തുണക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയും, സ്പീക്കര്‍ രതീന്ദ്രബോസും ദില്ലിയിലെത്തി അമിത് ഷായുമായി ചര്‍ച്ച നടത്തിയത് ഈ സാഹചര്യത്തിലാണ്. ഋതബ്രതയുടെ നീക്കങ്ങളെ പിന്തുണച്ച് മമത ബാനര്‍ജിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ക്കാനാണ് ബി ജെ പി കരുക്കള്‍ നീക്കുന്നതെന്ന് വ്യക്തം.
