മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മൂന്നാമത്തെ തുരങ്കത്തിൻ്റെ നിർമാണം പൂർത്തീകരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിലുള്ള ദഹനു താലൂക്കിലെ അംബേസരി ഗ്രാമത്തിലാണ് 417 മീറ്റർ നീളവും 14.4 മീറ്റർ വീതിയുമുള്ള തുരങ്കം നിർമിച്ചത്.
മുംബൈ: രാജ്യം കാത്തിരിക്കുന്ന നിർദിഷ്ട മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഒരു നിർണായക കടമ്പ കൂടി പിന്നിട്ടു. പദ്ധതിയുടെ മൂന്നാമത്തെ തുരങ്കം (Mountain Tunnel-07) മഹാരാഷ്ട്രയിൽ യാഥാർഥ്യമായി. മഹാരാഷ്ട്രയിലെ പാൽഘറിലുള്ള ദഹനു താലൂക്കിലെ അംബേസരി ഗ്രാമത്തിലാണ് തുരങ്കം നിർമിച്ചത്. 417 മീറ്റർ നീളമുള്ള തുരങ്കത്തിൻ്റെ വീതി 14.4 മീറ്ററാണ്. ബുള്ളറ്റ് ട്രെയിനിൻ്റെ രണ്ട് പാതകളെ (അപ്, ഡൗൺ) ഉൾക്കൊള്ളാനാകുന്ന വിധത്തിലാണ് തുരങ്കത്തിൻ്റെ രൂപകൽപന നടത്തിയിരിക്കുന്നത്.
കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അഞ്ച് മാസം കൊണ്ടാണ് തുരങ്ക നിർമാണം പൂർത്തീകരിച്ചത്. തുരങ്കത്തിൻ്റെ ഇരു കവാടങ്ങളിലും നിയന്ത്രിത ഡ്രില്ലിങ്, സ്ഫോടനങ്ങൾ നടത്തിയാണ് മല തുരക്കൽ പ്രവൃത്തി നടത്തിയത്. പദ്ധതിയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ ഒന്നുകൂടിയാണ് യാഥാർഥ്യമായതെന്നത് ശ്രദ്ധേയമാണ്.
മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ തുരങ്കം ഈ വർഷം ജനുവരിയിൽ മഹാരാഷ്ട്രയിലെ സഫലെയിൽ പൂർത്തിയായിരുന്നു. 1.5 കിലോമീറ്റർ ആണ് തുരങ്കത്തിൻ്റെ നീളം. ഫെബ്രുവരിയിൽ 454 മീറ്റർ നീളമുള്ള രണ്ടാമത്തെ തുരങ്കം പുർത്തീകരിച്ചിരുന്നു. ന്യൂ ഓസ്ട്രിയൻ ടണലിങ് മെതേഡ് ഉപയോഗിച്ചാണ് ഈ തുരങ്കം യാഥാർഥ്യമാക്കിയത്. മൂന്നു തുരങ്കങ്ങളും വാപി, ബോയ്സർ സ്റ്റേഷനുകൾക്ക് ഇടയിലാണ് സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിലാകെ ഏഴ് തുരങ്കങ്ങളാണ് നിർമിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിന്റെ നിർമാണമാണ് ഇതുവരെ പൂർത്തീകരിച്ചത്. മറ്റ് തുരങ്കങ്ങളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
ജപ്പാൻ സർക്കാരിൻ്റെ സാമ്പത്തിക, സാങ്കേതിക പിന്തുണയോടെ ആണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നത്. 508 കിലോമീറ്റർ നീളുമുള്ള പദ്ധതി, മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. പദ്ധതിയിലാകെ 12 സ്റ്റേഷനുകളാണ് ഉൾപ്പെടുക. ഇതിൽ എട്ട് സ്റ്റേഷനുകളുടെ ഫൗണ്ടേഷൻ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. 2017 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമാണ് അഹമ്മദാബാദിൽ പദ്ധതിയുടെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. 2027ൽ പദ്ധതിയുടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം.


