Asianet News MalayalamAsianet News Malayalam

ബീഹാറില്‍ മുഖ്യമന്ത്രി പദം പങ്കുവച്ചേക്കും? 2023 വരെ നിതീഷ് പിന്നീട് തേജസ്വി ഭരിക്കും

പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ചകൾ തുടരുകയാണ്. അഭ്യന്തരവകുപ്പ് വേണമെന്ന് തേജസ്വി യാദവ് നിതീഷിനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോണ്‍ഗ്രസിൻ്റെ ആവശ്യം ആര്‍ജെഡി തള്ളി. 

RJD and JDU to Share Chief Minister Post in bihar till 2025
Author
Patna, First Published Aug 10, 2022, 12:03 PM IST

പാറ്റ്ന: പുതിയ സഖ്യകക്ഷി സര്‍ക്കാരിൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാൻ ആര്‍ജെഡിയും ജെഡിയുവും തമ്മിൽ ധാരണയിലെത്തിയെന്ന് സൂചന. 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപായി മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്ക് നൽകും. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ചകൾ തുടരുകയാണ്. അഭ്യന്തരവകുപ്പ് വേണമെന്ന് തേജസ്വി യാദവ് നിതീഷിനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാൽ അഭ്യന്തര വകുപ്പ് തുടര്‍ന്നും നിതീഷ് കൈകാര്യം ചെയ്യാനാണ് സാധ്യത. സ്പീക്കര്‍ പോസ്റ്റിലും ചര്‍ച്ച നടക്കുകയാണ്. 

അതേസമയം  നിയമസഭാ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകാൻ ജെഡിയു തീരുമാനിച്ചു. ബിജെപി എംഎൽഎ കൂടിയായ സ്പീക്കര്‍ വിജയ് കുമാർ സിൻഹയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനാണ് നിതീഷിൻ്റെ നീക്കം. ഇന്നലെ ചേര്‍ന്ന മഹാസഖ്യയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. പുതിയ സര്‍ക്കാരിൽ  ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ആർജെഡി തള്ളി. 

ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള വിശാല സഖ്യ സർക്കാർ ഇന്നാണ് അധികാരമേൽക്കുന്നത്. രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. വിശാല സഖ്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും. കോൺഗ്രസ്, ഇടത് പാർട്ടികൾ, മറ്റ് ചെറുകക്ഷികൾ എന്നിവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകൾ. 

സംസ്ഥാനത്ത് ബിജെപി ഇന്ന് വഞ്ചനാദിനം ആചരിക്കുകയാണ്. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാർ വഞ്ചന കാട്ടിയെന്ന ആക്ഷേപവുമായി ജില്ലാതലങ്ങളിൽ ബിജെപി പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചു. പ്രചാരണം താഴേതട്ടിലെത്തിക്കാൻ നാളെ ബ്ലോക്ക് തലങ്ങളിലും പ്രതിഷേധയോഗങ്ങൾ നടത്തും. മുൻകേന്ദ്രമന്ത്രി രവിശങ്കര്‍ പ്രതിഷേധത്തിൽ പങ്കെടുത്തു. 

ഒരു വര്‍ഷവും ഒന്‍പത് മാസവും മാത്രം പ്രായമായ ബിഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് നിതീഷ് രാജി സമര്‍പ്പിച്ചതോടെ വീണത്. അധികാരമേറ്റത് മുതല്‍ ബിജെപിയുമായുള്ള കലഹിച്ച നിതീഷ് ഒടുവിൽ അനിവാര്യമായ രാജിയിലേക്ക് എത്തുകയായിരുന്നു. ഇന്നലെ രാവിലെ ചേര്‍ന്ന ജെഡിയു ജനപ്രതിനിധികളുടെ യോഗത്തില്‍ ഇനി ബിജെപിയുമായി ഒത്തു പോകാനാകില്ലെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. ഏത് നിമിഷവും പാര്‍ട്ടി ശിഥിലമാകാമെന്ന് എംഎല്‍എമാരും മുന്നറിയിപ്പ് നല്‍കി. 

പിന്നാലെ ആര്‍ജെഡിയും കോണ്‍ഗ്രസും സംയുക്ത യോഗം ചേര്‍ന്ന് നിതീഷ് കുമാറിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.നിതീഷ് കുമാറും തേജസ്വിയാദവും സംസാരിച്ച് നാല് മണിക്ക് ഗവര്‍ണ്ണറെ കാണാന്‍ തീരുമാനിച്ചു. ബിജെപി ഒഴികെ എല്ലാ കക്ഷികളും കൂടെ നില്‍ക്കാന്‍  തീരുമാനിച്ചു. അങ്ങനെ 164  എംഎല്‍എമാര്‍ പിന്തുണച്ച കത്തുമായി ഗവര്‍ണ്ണര്‍ ഫാഗു ചൗഹാനെ കണ്ട് രാജി വച്ച വിവരം അറിയിച്ചു .സപ്ത കക്ഷി സര്‍ക്കാര്‍  അധികാരത്തില്‍ വരുമെന്ന് തേജസ്വി യാദവിനൊപ്പം പിന്നീട് മാധ്യമങ്ങളെ കണ്ട  നിതീഷ് കുമാര്‍ വ്യക്തമാക്കി

Follow Us:
Download App:
  • android
  • ios