പട്‌ന: ബിഹാറില്‍ ആര്‍ജെഡിക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ വിജേന്ദ്ര കുമാര്‍ യാദവ് പാര്‍ട്ടി വിട്ടു. കഴിഞ്ഞ ദിവസം അദ്ദേഹം പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദിനാണ് രാജിക്കത്ത് നല്‍കിയത്.  

സന്ദേശ് മണ്ഡലത്തിന്റെ എംഎല്‍എ കൂടിയാണ് വിജേന്ദ്ര കുമാര്‍. മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന കിട്ടുന്നില്ലന്ന കാരണത്താലാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി, ജെഡിയു ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ വിലമതിക്കുന്ന പാര്‍ട്ടിയേതെന്ന് നോക്കിയേ ക്ഷണം സ്വീകരിക്കൂ എന്ന് വിജേന്ദ്ര കുമാര്‍ യാദവ് വ്യക്തമാക്കി.

നേരത്തേ ആര്‍ജെഡിയുടെ അഞ്ച് എംഎല്‍സിമാര്‍ പാര്‍ട്ടി വിട്ട് ജെഡിയുവില്‍ ചേര്‍ന്നിരുന്നു. ഒക്ടോബറില്‍ ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആര്‍ജെഡിയില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്.