പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്നും പണം മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കണമെന്നും ആര്‍ ജെ ഡി. മസ്തിഷ്ക ജ്വരം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിരുന്ന് ബഹിഷ്കരിക്കുന്നതെന്ന് ആര്‍ ജെ ഡി വ്യക്തമാക്കി.

പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കായി നരേന്ദ്ര മോദി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ആര്‍ ജെ ഡി നേതാവും ലാലുപ്രസാദ് യാദവിന്‍റെ മകളുമായ മിസ ഭാരതി അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എ എന്‍ ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. അത്താഴ വിരുന്ന് ഒരുക്കുന്നതിന് ചെലവാക്കുന്ന പണം മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടികള്‍ക്ക് മരുന്ന് വാങ്ങുന്നതിനും ചികിത്സയ്ക്കുമായി ഉപയോഗിക്കണമെന്നും മിസ ഭാരതി കൂട്ടിച്ചേര്‍ത്തു. 

അതേസമയം ബിഹാറിലെ മുസാഫർപൂരിന് പിന്നാലെ കൂടുതല്‍ ജില്ലകളിലേക്കും മസ്തിഷ്ക ജ്വരം വ്യാപിക്കുകയാണ്. സമസ്തിപൂര്‍, ബങ്ക, വൈശാലി ജില്ലകളില്‍ നിന്നാണ് രോഗ ലക്ഷണങ്ങളുമായി കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈശാലിയിലെ ഹാജിപ്പൂരില്‍ പതിനഞ്ച് കുട്ടികളെത്തി. 128 കുട്ടികള്‍ മരിച്ച മുസഫര്‍പൂരില്‍ ചികിത്സയില്‍ കഴിയുന്ന 24 കുട്ടികളുടെ നില ഗുരുതരമാണ്.