പാറ്റ്ന: ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയമേറ്റു വാങ്ങിയതിന് പിന്നാലെ മഹാസഖ്യത്തില്‍ വിള്ളല്‍. പ്രതിപക്ഷ കക്ഷികളില്‍ നിന്ന് രാജ്യമാകെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന കോണ്‍ഗ്രസിനെതിരെ മഹാസഖ്യത്തിലെ മുഖ്യപാര്‍ട്ടിയായ ആര്‍ജെഡിയും രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആര്‍ജെഡി ആദ്യമായാണ് കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കെതിരെയാണ് ആര്‍ജെഡി മുന്‍ ഉപാധ്യക്ഷന്‍ ശിവാനന്ദ് തിവാരി തുറന്നടിച്ചത്. ബിഹാറില്‍ കോണ്‍ഗ്രസിന്‍റെ പതനത്തിന് കാരണം രാഹുലാണെന്നാണ് തിവാരിയുടെ വാദം. ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ ഷിംലയിലെ പ്രിയങ്കയുടെ വിട്ടില്‍ ഉല്ലസിക്കുകയായിരുന്നു രാഹുല്‍.

ബിഹാര്‍ തെരഞ്ഞെടുപ്പിനെ എത്ര പ്രാധാന്യത്തോടെയാണ് രാഹുല്‍ കണ്ടതെന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. പ്രതിപക്ഷത്തിന്‍റെ ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനായി രാജ്യമാകെ പ്രതീക്ഷയോടെ നോക്കുമ്പോള്‍ ഇങ്ങനെയാണോ രാഹുല്‍ തന്‍റെ പാര്‍ട്ടിയെ നയിക്കേണ്ടതെന്ന് തിവാരി ചോദിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഹാറില്‍ എത്തിയ രാഹുല്‍ മൂന്ന് ദിവസം മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ദിവസം രണ്ടെന്ന കണക്കില്‍ ആറ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മാത്രമാണ് രാഹുല്‍ പങ്കെടുത്തത്. രാഹുലിനേക്കാള്‍ ഏറെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അദ്ദേഹം ഒരു ദിവസം മൂന്നോ നാലോ യോഗങ്ങളില്‍ വരെ പങ്കെടുത്തു. വെറും മൂന്ന് ദിവസം മാത്രം ബിഹാറില്‍ പ്രചാരണം നടത്തിയ രാഹുല്‍ ഉല്ലാസയാത്രയ്ക്കായി ഷിംലയിലേക്ക് പോയെന്നും തിവാരി പറഞ്ഞു. ലാലു പ്രസാദ് യാദവുമായി ഏറെ അടുത്ത ബന്ധമുള്ള നേതാവാണ്  ശിവാനന്ദ് തിവാരി.