ദില്ലി: രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചു. കർഷകർക്ക് എതിരെ നിൽക്കുന്ന ആരുടെയും ഒപ്പമുണ്ടാകില്ലെന്ന് ആർഎൽപി അധ്യക്ഷൻ  ഹനുമാൻ ബെനിവാൾ അറിയിച്ചു.

സഖ്യത്തിൽ നിന്ന് പിൻമാറുന്നതായുള്ള പ്രഖ്യാപനം ഷാജഹാൻപൂർ - ഖേഡ അതിർത്തിയിലെ കർഷക റാലിയിൽ വച്ച് ഉണ്ടാകും. രാജസ്ഥാനിൽ 3 എം എൽ എമാരും ലോക്സഭയിൽ ഒരു എംപിയുമാണ് പാർട്ടിക്ക് ഉള്ളത്. 

കാർഷിക നിയമഭേദഗതിയിൽ പ്രതിഷേധിച്ച് എൻഡിഎ വിടുകയാണെന്ന് ഹനുമാൻ ബെനിവാൾ പറഞ്ഞു. നിയമങ്ങൾ കർഷക വിരുദ്ധമാണ്. 
കോൺഗ്രസുമായി സഖ്യം ഉണ്ടാക്കില്ലെന്നും ബെനിവാൾ പറഞ്ഞു. കാർഷിക ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് എൻഡിഎ വിടുന്ന രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയാണ് ആർഎൽപി. നേരത്തെ അകാലിദളും എൻഡിഎ വിട്ടിരുന്നു.