Asianet News MalayalamAsianet News Malayalam

പ്രിയങ്കയുടെ വീട്ടിലെ വന്‍ സുരക്ഷാ വീഴ്ച; കേന്ദ്രത്തിനെതിരെ റോബര്‍ട്ട് വാദ്ര

രാജ്യത്തെ ഓരോ പൗരന്‍റെയും സുരക്ഷ സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. സ്വന്തം രാജ്യത്ത്, വീട്ടില്‍, റോഡില്‍, പകലും രാത്രിയും സുരക്ഷിതരല്ലെങ്കില്‍ എവിടെയാണ് സുരക്ഷിതരാവുകയെന്നും  റോബര്‍ട്ട് വാദ്ര

robert vadra against central government after priyanka gandhi house security breached
Author
Delhi, First Published Dec 3, 2019, 2:59 PM IST

ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരണവുമായി റോബര്‍ട്ട് വാദ്ര. ദില്ലിയിലെ അതിസുരക്ഷാ മേഖലയായ ലോധി എസ്‌റ്റേറ്റിലെ പ്രിയങ്കയുടെ വസതിയിലേക്ക് ഒരു സംഘം കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു.

പ്രിയങ്കയുടെ അല്ലെങ്കില്‍ തന്‍റെയും മക്കളുടെയുമോ ഗാന്ധി കുടുംബത്തിന്‍റെയോ സുരക്ഷയുടെ കാര്യം മാത്രമല്ല പറയുന്നത്. രാജ്യത്തെ പൗരന്മാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍  സുരക്ഷിതരല്ല. രാജ്യത്താകമാനം അവര്‍ സുരക്ഷാ വെല്ലുവിളി നേരിടുകയാണെന്നും റോബര്‍ട്ട് വാദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തെ ഓരോ പൗരന്‍റെയും സുരക്ഷ സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. സ്വന്തം രാജ്യത്ത്, വീട്ടില്‍, റോഡില്‍, പകലും രാത്രിയും സുരക്ഷിതരല്ലെങ്കില്‍ എവിടെയാണ് എപ്പോഴാണ് സുരക്ഷിതരാവുകയെന്നും അദ്ദേഹം ചോദിച്ചു. ഒരു പെണ്‍കുട്ടി ഉള്‍പ്പടെ അഞ്ചംഗ സംഘമാണ് പ്രിയങ്കയുടെ വീട്ടിലേക്ക് കാര്‍ ഓടിച്ച് കയറ്റിയത്.

പൂന്തോട്ടത്തിലേക്ക് നടന്നെത്തിയ സംഘം പ്രിയങ്കയ്‌ക്കൊപ്പം ഫോട്ടോ എടുക്കണം ആവശ്യപ്പെടുകയും യുപിയില്‍ നിന്ന് ചിത്രം എടുക്കാനായി മാത്രമാണ് ഇത്രയും ദൂരം താണ്ടി എത്തിയതെന്നും അറിയിക്കുകയും ചെയ്തു. പ്രിയങ്കയുടെ സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫിനും സന്ദര്‍ശകര്‍ വരുന്ന കാര്യം അറിയില്ലായിരുന്നു.

തന്റെ അനുമതിയില്ലാതെ എങ്ങനെയാണ് കാറില്‍ ഇവിടെ വരെ എത്തിയതെന്ന് പ്രിയങ്ക ഇവരോട് ചോദിക്കുകയും ചെയ്തു. സോണിയയുടേയും രാഹുലിന്റെയും പ്രിയങ്കയുടെയും ഇസഡ് പ്ലസ് സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന ഈ സംഭവം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios