ദില്ലി: അനധികൃത സ്വത്തു സമ്പാദന കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പ്രിയങ്ക ​ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. മാധ്യമശ്രദ്ധ തിരിക്കാൻ കേന്ദ്ര സർക്കാർ ഏജൻസികളെ ഉപയോഗിച്ച് തന്നെ വേട്ടയാടുന്നു എന്നും അദ്ദേഹം ആരോപിച്ചു. 12 മണിക്കൂർ ചോദ്യം ചെയ്ത ആദായനികുതി ഉദ്യോഗസ്ഥർ 23000 രേഖകൾ കൊണ്ടു പോയെന്നും വദ്ര പറഞ്ഞു. 

റോബർട്ട് വദ്രയുടെ ദില്ലിയിലെ വസതിയിലെത്തിയ ആദായ നികുതി വകുപ്പ് സംഘം രണ്ട് ദിവസങ്ങളിലായി 12 മണിക്കൂറിലേറെയാണ്  ചോദ്യം ചെയ്തത്. തിങ്കളാഴ്ച്ച 9 മണിക്കൂറിലേറെ  ചോദ്യം ചെയ്തു. ഇന്നലെ മൂന്നു മണിക്കൂർ ഉദ്യോഗസ്ഥർ വദ്രയുടെ വീട്ടിലുണ്ടായിരുന്നു. ലണ്ടനിൽ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസിലാണ് ചോദ്യം ചെയ്യൽ. കർഷക പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് തന്നെ ചോദ്യം ചെയ്യുന്നതെന്നാണ് വദ്രയുടെ ആരോപണം.

വദ്രയുടെ സഹായിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലണ്ടനിലെ അപ്പാർട്ട്മെൻറ് ഉൾപ്പടെയുള്ള സ്വത്തുക്കളുടെ സൂചന കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം.  നേരത്തെ ചോദ്യം ചെയ്യൽ നിശ്ചയിച്ചെങ്കിലും കൊവിഡ് കാരണം മാറ്റിവച്ചിരുന്നു. ഇതേ കേസിൽ  എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വദ്രയെ ചോദ്യം ചെയ്ത ശേഷം സ്വത്തുകൾ കണ്ട് കെട്ടിയിരുന്നു.