അഗര്‍ത്തല: അഞ്ച് കുട്ടികളും രണ്ടു സ്ത്രീകളുമടക്കം 12 ഓളം രോഹിംഗ്യന്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവാദം ലഭിക്കാത്തതിനെത്തുടര്‍ന്ന് ത്രിപുര അതിര്‍ത്തിയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. 

ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് ബോര്‍ഡറിലാണ് മൂന്നു ദിവസമായി സംഘം തങ്ങുന്നതെന്ന് ബിഎസ്എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ത്രിപുരയിലെ ബോക്സാനഗര്‍ വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു അഭയാര്‍ത്ഥികള്‍. ഇത് ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ സൈന്യം ഇവരെ തടയുകയായിരുന്നു.

ഇന്ത്യ-ബംഗ്ലാദേശ് രാജ്യങ്ങളിലെ ഉന്നത സംഘം യോഗം ചേര്‍ന്ന് ഇവരെ മടക്കി അയക്കാന്‍ തീരുമാനിച്ചെങ്കിലും അത് കൂട്ടാക്കാതെ ഇവര്‍ അതിര്‍ത്തിയില്‍ തുടരുകയാണ്. ബംഗ്ലാദേശിലെ ചിറ്റഗോംങിലെ രോഹിംഗ്യന്‍ ക്യാമ്പില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.