ബെംഗളൂരു: തട്ടിപ്പുകേസില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എ പിടിയിലായതിന് പിന്നാലെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണ് കുമാരസ്വാമിയെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. രണ്ടായിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയിൽ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ്  കർണാടകത്തിലെ കോൺഗ്രസ്‌ വിമത എംഎൽഎ റോഷൻ ബെയ്‌ഗിനെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് ബൈയ്‍ഗിനെ കസ്റ്റഡിയിൽ എടുത്തത്. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന്  പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക് പോകാനൊരുങ്ങുന്നതിന് തൊട്ടുമുമ്പാണ് ബെയ്‍ഗ് പിടിയിലായത്.  

പൊലീസിനെ കണ്ടപ്പോൾ സന്തോഷ്‌ കടന്നുകളഞ്ഞെന്നും ബി എസ് യെദിയൂരപ്പയുടെ പിഎ സന്തോഷും ഒപ്പമുണ്ടായിരുന്നു എന്നും,  മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു. ബിജെപി എംഎൽഎ യോഗേശ്വറും സ്ഥലത്ത് ഉണ്ടായിരുന്നതായി കുമാരസ്വാമി പറയുന്നു. നിക്ഷേപകരുടെ രണ്ടായിരത്തോളം കോടി രൂപയുമായി കടന്ന ഐഎംഎ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ ഖാൻ മുൻ മന്ത്രി കൂടിയായ റോഷൻ ബെയ്‍ഗിനെതിരെ 400 കോടി രൂപയുടെ അഴിമതി  ആരോപണമാണ് ഉന്നയിച്ചത്.  ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുൻപാണ് ബെയ്‌ഗ്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരസ്യമായി രംഗത്തുവന്നത്. 

ഫലം വന്ന് ഒരാഴ്ചയ്‍ക്കുള്ളിലാണ് തട്ടിപ്പ് കേസിൽ ബെയ്‍ഗിനെതിരെ വെളിപ്പെടുത്തൽ ഉണ്ടായത്. പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്.  അതേ സമയം വ്യാഴാഴ്ച  വിശ്വാസവോട്ടെടുപ്പിന് തയ്യാറെടുക്കുന്ന കോൺഗ്രസ്‌ ജെഡി എസ് സഖ്യം വിമതൻ രാമലിംഗ റെഡ്ഢിയെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം. നിലപാട് മയപ്പെടുത്തിയിട്ടില്ലാത്ത റെഡ്ഢി സ്‍പീക്കറെ കാണാൻ ഇന്നലെ എത്തിയിരുന്നില്ല. കൂടുതൽ സമയം അദ്ദേഹം ആവശ്യപ്പെട്ടു.