ചെന്നൈ: തമിഴ്നാട്ടില്‍ ബേക്കറിയുടെ അറിയിപ്പില്‍ വിദ്വേഷം പരക്കുന്ന രീതിയിലെ പരാമര്‍ശം, വിവാദമായി നടപടി. ചെന്നൈയിലെ ടി നഗറിലെ ഒരു ബേക്കറിയുടെ അറിയിപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തങ്ങളുടെ ബേക്കറിയില്‍ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്നില്ലെന്നായിരുന്നു അറിയിപ്പ്. ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കാന്‍ പ്രത്യേക വിഭാഗക്കാരില്ലെന്ന പരാമര്‍ശത്തിനെതിരെ നിയമ വിദഗ്ധരടക്കം വിമര്‍ശനം ഉയര്‍ത്തുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെന്നൈയിലെ ജെയിന്‍ ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷനറീസാണ് ഇത്തരത്തില്‍ വിവാദത്തില്‍ അകപ്പെട്ടിട്ടുള്ളത്. തങ്ങളുടെ ബേക്കറിയിലെ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജെയിന്‍ വിഭാഗത്തിലുള്ളവരാണെന്നായിരുന്നു അറിയിപ്പില്‍ പറയുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. വാട്ട്സ് ആപ്പ് പോസ്റ്റിലാണ് ഈ അറിയിപ്പ് വന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ വിശദമാക്കുന്നത്.

എന്നാല്‍ നേരത്തെ ചിലര്‍ ചോദിച്ച സംശയത്തിനുള്ള മറുപടിയാണ് അറിയിപ്പെന്നാണ് ബേക്കറി ഉടമകള്‍ അവകാശപ്പെടുന്നത്. ചെന്നൈയിലെ സൌകാര്‍പേട്ടയിലെ ചില ഉപഭോക്താക്കള്‍ ചില വിഭാഗത്തിലുള്ള തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന പലഹാരങ്ങളാണെന്ന പേരില്‍ ബേക്കറി കൂട്ടമായി ബഹിഷ്കരിച്ചിരുന്നു. ഇവര്‍ക്കുള്ള മറുപടിയായാണ് കുറിപ്പെന്നുമാണ് വിശദീകരണം.

ഒരു മതവിഭാഗങ്ങളിലുള്ളവര്‍ക്കും എതിരല്ലെ തങ്ങളുടെ ബേക്കറിയെന്നും ആ വിഭാഗത്തില്‍ നിന്ന നിരവധിപ്പേര്‍ തങ്ങളുടെ സ്ഥിരം കസ്റ്റമറാണെന്നും ഇവര്‍ പറഞ്ഞതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. എന്നാല്‍ ബേക്കറിയുടെ നടപടി ഇന്ത്യന്‍ ശിക്ഷാ നിയമ വകുപ്പ് 153, 153 എ, 505, 295 എ എന്നീ വകുപ്പുകള്‍ അനസരിച്ച് ശിക്ഷാര്‍ഹമാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.