75 ലക്ഷം സ്ത്രീകൾക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിനായി 10000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. സ്വയംതൊഴിൽ വിജയിച്ചാൽ പിന്നീടുള്ള ഘട്ടങ്ങളിൽ രണ്ട് ലക്ഷം രൂപ വരെ സഹായം ലഭിക്കും.

പറ്റ്ന: ബിഹാറിൽ സ്ത്രീകളുടെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള 'മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ' പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് സ്വയംതൊഴിൽ തുടങ്ങാനായി 10,000 രൂപ നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി. 75 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയിലൂടെ 10,000 രൂപ വീതം ലഭിക്കും. 7500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്വയം തൊഴിൽ വിജയിച്ചാൽ പിന്നീടുള്ള ഘട്ടങ്ങളിൽ രണ്ട് ലക്ഷം രൂപ വരെ സഹായം ലഭിക്കും.

സ്വയംതൊഴിലിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചു. സ്ത്രീകൾക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ അവസരമൊരുക്കി അതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക ശാക്തീകരണവുമാണ് ലക്ഷ്യമിടുന്നത്. ചെറുകിട സംരംഭങ്ങൾക്കായി ഈ സാമ്പത്തിക സഹായം ഉപയോഗിക്കാം. കൃഷി, മൃഗസംരക്ഷണം, കരകൗശല വസ്തുക്കൾ, തയ്യൽ, നെയ്ത്ത് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സ്വാശ്രയ സംഘങ്ങളുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺസ് ആവശ്യമായ പരിശീലനവും നൽകും. ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് അവസരമൊരുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒരുക്കം തുടങ്ങി ബിജെപി

ബിഹാറിലെയടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ഒരുക്കം തുടങ്ങിയിരിക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് ബിഹാറിലെ പ്രധാന ചുമതല. ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും കേന്ദ്രമന്ത്രിയും ഗുജറാത്ത് ബിജെപി അധ്യക്ഷനുമായ സി ആര്‍ പാട്ടീലിനും സഹചുമതലകള്‍ നല്‍കിയിട്ടുണ്ട്. ബിഹാറിനൊപ്പം പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനും ബിജ പി ചുമതല നൽകി. ബംഗാളിൽ തെരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനാണ് നൽകിയിരിക്കുന്നത്. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനും സഹചുമതല നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ബൈജയന്ത് പാണ്ടെയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്. ദില്ലി തെരഞ്ഞെടുപ്പിൽ ഇൻ -ചാർജ് ആയിരുന്നു ബൈജയന്ത് പാണ്ടെ. കേന്ദ്ര സഹമന്ത്രി മുരളീധർ മോഹോളിന് കോ - ഇൻ ചാർജ് ചുമതലയും നൽകി.