അന്നഭാ​ഗ്യ അരിക്ക് പകരം ഭക്ഷ്യകിറ്റ് പരി​ഗണിക്കുമെന്ന് സിദ്ധരാമയ്യ. അഞ്ച് കിലോ അരിക്ക് പകരം പോഷകസമൃദ്ധമായ ഭക്ഷണ കിറ്റ് സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു: ബെംഗളൂരുവിൽ പ്രതിവർഷം ഏകദേശം 360 കോടി രൂപ വിലമതിക്കുന്ന 943 ടൺ ഭക്ഷണം പാഴാക്കുന്നതിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശങ്ക പ്രകടിപ്പിച്ചു. വിശപ്പിന്റെ വേദനയും അരിയുടെ മൂല്യവും എനിക്കറിയാം. അതുകൊണ്ടാണ് അന്ന ഭാഗ്യ പദ്ധതി നടപ്പിലാക്കിയതെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് സംഘടിപ്പിച്ച ലോക ഭക്ഷ്യദിന പരിപാടിയിൽ സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നത് വർദ്ധിച്ചുവരുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പഠനത്തിൽ, തലസ്ഥാനത്ത് മാത്രം 360 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബോധപൂർവം ഭക്ഷണം പാഴാക്കുന്നത് ഭക്ഷണത്തോടുള്ള അനാദരവാണെന്നും ഭക്ഷണം പാഴാക്കുന്നത് പാപമാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരുപയോഗം തടയുന്നതിനായി അന്ന ഭാഗ്യയുടെ കീഴിൽ വർഷം തോറും ഏകദേശം 360 കോടി രൂപയുടെ പലചരക്ക് കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നു. അന്നഭാഗ്യ അരി കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും കരിഞ്ചന്ത അവസാനിപ്പിക്കാൻ അഞ്ച് കിലോ അരിക്ക് പകരം പോഷകസമൃദ്ധമായ ഭക്ഷണ കിറ്റ് സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

അഞ്ച് കിലോ അരിക്ക് പകരം പയർവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പറഞ്ഞിരുന്നു. അന്ന ഭാഗ്യ പ്രകാരം നൽകുന്ന 5 കിലോ അരി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത് തടയുന്നതിനായി, എണ്ണ, പയർ, പഞ്ചസാര, ഉപ്പ്, മറ്റ് വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന ഒരു പലചരക്ക് കിറ്റ് നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. കിറ്റിന് ഇന്ദിര കിറ്റ് എന്ന് പേരിടുമെന്നും അദ്ദേഹം പറഞ്ഞു.