Asianet News MalayalamAsianet News Malayalam

ട്രെയിനിൽ നിന്ന് പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർത്ഥിയുടേത് തന്നെയെന്ന് ചെന്നൈ പൊലീസ്, എഫ്ഐആർ പുറത്ത്

തിരുനെൽവേലിയിലെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനാണ് ഈ പണം കൊണ്ടുവന്നതെന്നും എഫ്ഐആറിൽ പറയുന്നു

Rs 4 crore seized from train belongs to BJP candidate chennai police says
Author
First Published Apr 15, 2024, 3:07 PM IST

ചെന്നൈ: ചെന്നൈയിലെ ട്രെയിനിൽ നിന്ന് പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍റേത് തന്നെയെന്ന് പൊലീസ്. തിരുനെൽവേലിയിലെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനാണ് ഈ പണം കൊണ്ടുവന്നതെന്നും എഫ്ഐആറിൽ പറയുന്നു.  മോദിയുടെ തിരുനെൽവേലി റാലി നടക്കുന്നതിനു തൊട്ടു മുൻപാണ് പൊലീസ് എഫ്ഐആർ പകർപ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രിൽ 22ന് ഹാജരാകാൻ നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.

പിടിച്ചെടുത്ത പണവുമായി തനിക്ക് ബന്ധമില്ലെന്ന നൈനാർ നാഗേന്ദ്രന്റെ അവകാശവാദം പൊലീസ് വിശ്വസിച്ചിട്ടില്ല. കാരണം പ്രതികൾ ട്രെയിൻ യാത്രയ്ക്കുള്ള എമർജൻസി ക്വാട്ടയ്ക്കായി അപേക്ഷ നൽകിയത് നൈനാറുടെ ലെറ്റർപാഡിലാണ്. സ്റ്റേഷനിലേക്ക് പോകും മുൻപ് മൂവരും നൈനാറുടെ ഹോട്ടലിൽ തങ്ങി. നൈനാറുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ വ്യക്തമാക്കി. സംഭവത്തിൽ മൗനം വെടിഞ്ഞ കെ.അണ്ണാമലൈ പണവുമായി ബന്ധമില്ലെന്ന് നൈനാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശരിയായ അന്വേഷണം നടക്കട്ടേയെന്നും പ്രതികരിച്ചു. ബിജെപി സംസ്ഥാന വ്യവസായ സെൽ അധ്യക്ഷൻ ഗോവർദ്ധനും പൊലീസ് സമൻസ് നൽകിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios