സംഭവത്തെത്തുടർന്ന് മാനസികമായി ആകെ തളർന്ന പെൺകുട്ടി അടുത്ത ബന്ധുവിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു
തിരുവനന്തപുരം: വിളപ്പിൽശാലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. കുണ്ടമൻ കടവിൽ വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഇയാള്‍ താമസിക്കുന്ന വാടക വീട്ടിൽ വച്ച് പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെത്തുടർന്ന് മാനസികമായി ആകെ തളർന്ന പെൺകുട്ടി അടുത്ത ബന്ധുവിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് കുമാർ, എസ്ഐ ആശിഷ്, ജിഎസ് ഐ ബൈജു, സിപിഓമാരായ പ്രജു, രാജേഷ്, അജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, തിരുവനന്തപുരം ജില്ലയില്‍ തന്നെ ആറ്റിങ്ങലിൽ 14 വയസുള്ള വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയും പിടിയിലായിരുന്നു. ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ ശരത്തിനെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ശരത്. ഈ മാസം 12ന് ഉച്ചയ്ക്ക് 12:30 ഓടെ സ്കൂളിൽ നിന്ന് യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ ബൈക്കിൽ നിർബന്ധിച്ച് കയറ്റി പൊയ്കമുക്കിലുള്ള പാറക്കുളത്തിൽ എത്തിച്ചാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്.
സംഭവം കുട്ടി വീട്ടിൽ അറിയിക്കുകയും അച്ഛനൊപ്പം എത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ലക്ഷങ്ങളുടെ തട്ടിപ്പിനായി ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ സ്വര്‍ണ നിര്‍മാണം; മുഖ്യപ്രതികള്‍ അറസ്റ്റില്‍

