ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് തുടക്കമാകും. മധ്യപ്രദേശിലെ ഇൻഡോറിലാണ് മൂന്ന് ദിവസത്തെ യോഗം നടക്കുന്നത്. സർസംഘചാലക് മോഹൻ ഭാഗവത് അടക്കം മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
ഇൻഡോർ: ആർഎസ്എസിന്റെ ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ തുടക്കമാകും. സർസംഘചാലക് മോഹൻ ഭാഗവത് അടക്കം മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. യുവാക്കളുടെ സമരം, എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾ, ചോദ്യപേപ്പർ ചോർച്ച മുതലായ സമകാലിക വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.
മൂന്ന് ദിവസം നീളുന്ന ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോഗ (അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്) ത്തിന് ഇൻഡോറിലെ ഡാലി കോളേജാണ് വേദിയാകുന്നത്. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ തുടങ്ങിയവർക്ക് പുറമേ, 11 ക്ഷേത്രങ്ങളിൽ നിന്നും 46 പ്രാന്തങ്ങളിൽ നിന്നുമുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ആകെ 408 പ്രതിനിധികളാണ് പങ്കെടുക്കുക. തുടർച്ചയായ രണ്ടാം വർഷമാണ് മധ്യപ്രദേശിൽ തന്നെ ദേശീയ നിർവാഹക സമിതി യോഗം നടക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ ജബൽപൂരിലായിരുന്നു യോഗം നടന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ആർഎസ്എസിൻ്റെയും അനുബന്ധ സംഘടനകളുടെയും ഒരുവർഷത്തെ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും. സംഘടനാ പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി മുന്നോട്ടുവെച്ച മാറ്റങ്ങൾ ചർച്ച ചെയ്യും. വരും വർഷത്തെ സർസംഘചാലകിൻ്റെ വിദേശ യാത്രകൾ ഉൾപ്പെടെ യോഗം ചർച്ച ചെയ്യും. യുവാക്കൾക്കിടയിൽ വർധിക്കുന്ന മയക്കുമരുന്ന് ഉപയോഗവും യോഗത്തിൽ ചർച്ചയാകും. സമൂഹമാധ്യമങ്ങളിലൂടെ അടക്കം യുവാക്കളുമായി സംഘടനയുടെ ബന്ധം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും പ്രത്യേകം ചർച്ചയാകുമെന്നും റിപ്പോർട്ടുകളുണ്ട്. യുപി അടക്കം ബിജെപിക്ക് നിർണായകമായ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് യോഗം ചേരുന്നത്. യോഗം അവസാനിക്കുന്ന ബുധനാഴ്ച യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കും.
രാജ്യത്ത് ഒരുലക്ഷം ശാഖകൾ
രാജ്യത്ത് 1,01,151 നിത്യ ശാഖകൾ പ്രവർത്തിക്കുന്നതായി അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ അവകാശപ്പെട്ടു. 1,10,849 കേന്ദ്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ നടക്കുന്നു. മുൻവർഷത്തേക്കാൾ 13,000ത്തിലധികം ശാഖകൾ ഈ വർഷം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.



