ദില്ലി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ആർഎസ്‍എസിന്റെ വാർ‌ഷിക യോ​ഗം അഖില ഭാര​തീയ പ്രതിനിധി സഭ റദ്ദാക്കി. സർക്കാർ നൽകിയ നിർദ്ദേശത്തെ മാനിച്ചാണ് ഈ തീരുമാനമെന്ന് നേതാക്കൾ വ്യക്തമാക്കി. മാർച്ച് 15 മുതൽ മാർച്ച് 17 വരെ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന യോഗം റദ്ദാക്കിയതായി ആർ‌എസ്‌എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യജി ജോഷിയാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി ബിജെപിയടക്കം ആര്‍.എസ്.എസിന്റെ എല്ലാ പോഷക സംഘടനകളേയും ഉള്‍പ്പെടുത്തിയുള്ള മൂന്നു ദിവസത്തെ യോ​ഗമാണ് അഖില ഭാ‌രതീയ പ്രതിനിധി സഭ. 

11 മേഖലകളിൽ നിന്നുള്ള 1500 ഓളം പ്രതിനിധികൾ, 44 വിഭാഗങ്ങളിലെ സംസ്ഥാനതല ഭാരവാഹികൾ, 35 സംഘടനകളുടെ ദേശീയ പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കൾ, ആർ‌എസ്‌എസ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരാണ് യോ​ഗത്തിൽ പങ്കെടുക്കാനെത്തുന്നതെന്ന് ആർ‌എസ്‌എസ് വക്താവ് അരുൺ കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

രാജ്യത്ത് കൊറോണ വൈറസ് ആശങ്ക ഉയർത്തി പടർന്നുപിടിച്ചതിനാൽ ബിസിനസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ‌സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. രാജ്യത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട രണ്ടാമത്തെ മരണം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവരെ എൺപത്തിമൂന്ന് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.