ആരാണ് ആര്‍എസ്എസിന് ഇങ്ങനെ ഒരു ഔദ്യോഗിക പദവി നല്‍കിയതെന്ന ചോദ്യം പരക്കെ ഉയര്‍ന്നു. ഇതോടയൊണ് പൊലീസിന്റെ വിശദീകരണം.... 

ഹൈദരാബാദ്: ലോക്ക് ഡൗണ്‍ സമയത്ത് ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താന്‍ ആര്‍എസ്എസിന് അനുവാദം നല്‍കിയിട്ടില്ലെന്ന് തെലങ്കാന പൊലീസ്. ഹൈദരാബാദിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ലാത്തിയുമായി ആര്‍എസ്എസ് യൂണിഫോം ധരിച്ച് വാഹനങ്ങളില്‍ പരിശോധന നടത്തുന്നവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പൊലീസ്.

യദാദ്രി ഭുവനഗിരി ചെക്ക് പോയിന്റുകളില്‍ 12 മണിക്കൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലിസിനെ സഹായിക്കുന്നുവെന്ന കുറിപ്പോടെ ട്വിറ്ററില്‍ ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. @friendsoffrss എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു പോസ്റ്റ്. ഏപ്രില്‍ 9 ന് വന്ന പോസ്റ്റിനെതിരെ നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്നു. ആരാണ് ആര്‍എസ്എസിന് ഇങ്ങനെ ഒരു ഔദ്യോഗിക പദവി നല്‍കിയതെന്ന ചോദ്യം പരക്കെ ഉയര്‍ന്നു. ഇതോടയൊണ് പൊലീസിന്റെ വിശദീകരണം. 

വാഹനത്തില്‍ പോകുന്നവരെ പരിശോധിക്കുകയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. രചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവതിന്റെ പരിധിയില്‍പ്പെട്ട സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. 

Scroll to load tweet…

''ചില ഫോട്ടോകള്‍ ലഭിച്ചു. ഞങ്ങള്‍ സംഭവത്തില്‍ അന്വേഷണം നടത്തി. അവര്‍ സ്വയം തയ്യാറായി എത്തിയതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പൊലീസ് ആര്‍ക്കും പരിസോധനയ്ക്ക് അനുവാദം നല്‍കിയിട്ടില്ല'' - കമ്മീഷണര്‍ പറഞ്ഞു. 

ലോക്കല്‍ പോലീസുമായി ചേര്‍ന്നാണ് ആര്‍എസ്എസ് പരിശോധനയ്ക്ക് ഇറങ്ങിയത്. എന്നാല്‍ ചിലര്‍ അതിനെതിരെ ശബ്ദമുയര്‍ത്തി. അതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായെന്നും തെലങ്കാന ആര്‍എസ്എസ് പ്രാന്ത് പ്രചാര്‍ പ്രമുഖ് ആയുഷ് നടിമ്പള്ളി പറഞ്ഞു.