ദില്ലി: രാജ്യത്തിന്‍റെ ഭരണഘടന കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പങ്ക് പ്രശംസിക്കാതിരിക്കാനാവില്ലെന്ന് ആര്‍എസ്എസ് നേതാവ്. സംഘപരിവാര്‍ നേതാവായ രമേശ് പതംഗെയാണ് നെഹ്റുവിനെ പുകഴ്ത്തി രംഗത്ത് വന്നത്. നെഹ്റുവിന്‍റെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് സംവാദം നടത്താം.

എങ്കിലും അദ്ദേഹത്തിന്‍റെ ഭരണഘടനയ്ക്ക് വേണ്ടിയുള്ള പ്രയത്നങ്ങള്‍ പ്രശംസിക്കാതിരിക്കാന്‍ ആവില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. ഇന്ത്യയിലെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം നെഹ്റുവാണെന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നിരന്തരമായി പറയുമ്പോഴാണ് രമേശ് പതംഗയുടെ പരാമര്‍ശം എന്നതാണ് ശ്രദ്ധേയം.

ഇന്ത്യക്കും പാകിസ്ഥാനും ഇടയിലെ തർക്ക വിഷയമായ കശ്മീർ പ്രശ്നത്തിന് കാരണക്കാരൻ ജവഹർലാൽ നെഹ്റുവാണെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ പറഞ്ഞിരുന്നു.  പാക് അധീന കശ്മീർ പിടിച്ചെടുക്കാനുള്ള ഇന്ത്യൻ സേനയുടെ ശ്രമം തടഞ്ഞത് നെഹ്റുവാണ്. അന്നത്തെ ശ്രമം തടഞ്ഞില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ.

അതുകൊണ്ട് തന്നെ കശ്മീർ പ്രശ്നത്തിന്‍റെ പരിപൂർണ്ണ ഉത്തരവാദി നെഹ്റുവാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നെഹ്റുവിന് പകരം സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി എങ്കിൽ കശ്മീർ ഇന്ന് ഇന്ത്യക്കൊപ്പം ശാന്തമായി നിലനിൽക്കുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.