ഭോപ്പാൽ: ആർഎസ്എസ് നേതൃത്വം വഹിക്കുന്ന ആദ്യത്തെ ആർമി സ്കൂൾ ഈ വർഷം ഏപ്രിലിൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ആരംഭിക്കും. രാജ്യവികസനത്തിന് സംഭാവന നൽകാൻ സാധിക്കുന്ന മികച്ച പൗരൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് പിന്നിലുള്ള ലക്ഷ്യം എന്ന് അധികൃതർ വ്യക്തമാക്കി. ആർഎസ് എസ് മുൻ മേധാവി ര‍ജ്ജു ഭയ്യയുടെ പേരിലാണ് സ്കൂൾ. രജ്ജു ഭയ്യാ സൈനിക് വിദ്യാമന്ദിർ എന്നാണ് സ്കൂളിന് നാമകരണം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 23 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ദ് എക്കണോമിക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

മുൻ ഇന്ത്യൻ ആർമി കേണൽ ശിവ് പ്രതാപ് സിം​ഗ് ആണ് സ്കൂൾ മേധാവി.  നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി, കരസേന ടെക്നിക്കൽ എക്സാമിനേഷൻ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാണ് ഈ സ്കൂളിൽ നൽകുക. എൻട്രൻസ് പരീക്ഷ്ഷ വഴിയായിരിക്കും പ്രവേശനം നിശ്ചയിക്കുക. ആദ്യബാച്ചിൽ 160 കുട്ടികൾക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മാർച്ച് ഒന്നിന് പ്രവേശന പരീക്ഷ നടക്കും. സൈനിക സേവനത്തിനായി കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് ഈ സ്കൂളിന്റെ മുഖ്യലക്ഷ്യം എന്ന് സ്കൂൾ മേധാവി   വ്യക്തമാക്കുന്നു. പൊതുവിജ്ഞാനം, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ അഭിരുചിയ്ക്കനുസരിച്ചായിരിക്കും എഴുത്തുപരീക്ഷ. തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തുന്നത്. സിബിഎസ് ഇ സിലബസ്സായിരിക്കും സ്കൂൾ പിന്തുടരുക.  

അധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്ന പ്രക്രിയ ആരംഭിച്ചതായും ഫെബ്രുവരിയോടെ നിയമനം പൂര്‍ത്തിയാകുമെന്നും . വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യൂണിഫോം നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ക്ക് ഇളം നീല ഷര്‍ട്ടും ഇരുണ്ട നീല ട്രൗസറുമാണ് യൂണിഫോമിന്റെ നിറം. അധ്യാപകര്‍ക്ക് ചാര നിറത്തിലുള്ള ട്രൗസറും വെളുത്തഷര്‍ട്ടുമാണ് വേഷം. സ്‌കൂളിന്റെ ഉദ്ഘാടനത്തിന് മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും മന്ത്രിമാരുമുള്‍പ്പെടെ വലിയ നിര തന്നെ പങ്കെടുക്കും. സൈനികരുടെ മക്കൾക്കും മറ്റ് പ്രതിരോധ സേനകളിൽ ജോലിക്കിടെ വീരമൃത്യു വരിച്ചവരുടെ മക്കൾക്കും പ്രത്യേകം സീറ്റുകൽ സംവരണം ചെയ്തിട്ടുണ്ട്.