ജയ്പൂര്‍: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നപടിയില്‍ ആഘോഷപരിപാടി സംഘടിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചെന്ന് പരാതി. രാജസ്ഥാനിലെ ജയ്പൂരില്‍ ജല്‍വാറിലാണ് സംഭവം. പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്ദീപ് ഗുപ്തയാണ് മര്‍ദ്ദനത്തിനിരയായത്. അഞ്ച് പേര്‍ ചേര്‍ന്ന് സന്ദീപിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സന്ദീപിന്‍റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ നടത്തിയിരുന്നു. മധുരം വിതരണം ചെയ്തും, എന്‍ഡിഎ സര്‍ക്കാരിന് അഭിന്ദനമര്‍പ്പിച്ചും പ്രദേശത്ത് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഒരു സംഘം തന്‍റെ മകനെ ആക്രമിച്ചതെന്ന് സന്ദീപ് ഗുപ്തയുടെ പിതാവ് പരാതിയില്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും മുസ്ലീം യുവാക്കളാണ് മര്‍ദ്ദിച്ചതെന്നും സന്ദീപിന്‍റെ പിതാവ് ആരോപിച്ചു.