ദില്ലി: കയ്യാങ്കളിക്കിടയിൽ ആർടിഐ നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ച് വാക്ക്ഔട്ട് നടത്തിയതിന് പിന്നാലെയാണ് വിവരാവകാശ ഭേദഗതി ബിൽ പാസ്സായത്. 

വിവരാവകാശ നിയമഭേദഗതി സെലക്ട് കമ്മിറ്റിക്ക് വിടണോ വേണ്ടയോ എന്ന വിഷയത്തിൽ വോട്ടെടുപ്പിനിടെ രാജ്യസഭയിൽ കയ്യാങ്കളി. വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ബിജെപി എംപി സി എം രമേശും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ കയ്യാങ്കളിയുണ്ടായത്, രമേശിനെ പല അംഗങ്ങളും പിടിച്ച് തള്ളുന്നതും തിരിച്ച് തള്ളുന്നതും കാണാമായിരുന്നു. രമേശ് തന്‍റെ ഇരിപ്പിടത്തിൽ നിന്ന് മാറി, വോട്ട് രേഖപ്പെടുത്തുന്ന ടിഡിപി അംഗങ്ങളുടെ സ്ലിപ്പ് വാങ്ങിയതാണ് ബഹളത്തിനിടയാക്കിയത്. രമേശ് കള്ളവോട്ട് ചെയ്തെന്ന് സിപിഎം എംപി കെ കെ രാഗേഷ് ആരോപിച്ചു.

ടിഡിപി അംഗമായിരുന്ന സി എം രമേശ് അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.  ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമില്ലെന്നും പറഞ്ഞാണ്  പ്രതിപക്ഷ നേതാക്കൾ വാക്കൗട്ട് ചെയ്തത്. 

നാടകീയ രംഗങ്ങൾക്കാണ് രാജ്യസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. ബില്ല് വലിച്ചുകീറി എറിഞ്ഞും കൈകൊട്ടി മുദ്രാവാക്യം മുഴക്കിയും ആർടിഐ നിയമഭേദഗതി ബില്ല് തടയാൻ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ 13 പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചു. ചർച്ച തുടരാൻ തീരുമാനിച്ചതോടെ ബഹളം നിയന്ത്രണാതീതമായി. മൂന്നു തവണ നിറുത്തി വച്ച ശേഷം സെലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യത്തിൽ ചർച്ചയാകാമെന്ന സർക്കാരിന്‍റെ ഉറപ്പിന് പ്രതിപക്ഷം വഴങ്ങുകയായിരുന്നു. ഒടുവിൽ സെലക്ട് കമ്മിറ്റിക്ക് വിടണോ വേണ്ടയോ എന്ന വോട്ടെടുപ്പിനിടെയാണ് കയ്യാങ്കളിയുണ്ടായതും പ്രതിപക്ഷം ഇറങ്ങിപ്പോയതും. 

വിവരാവകാശ കമ്മീഷനോട് സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് ആരോപിച്ച കോൺഗ്രസ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ ഉള്ള വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് അടക്കമുള്ള കാര്യങ്ങളാണ് ഈ ബില്ലിലേക്ക് നയിച്ചതതെന്ന് ആരോപിക്കുന്നു. ബിൽ ലോകസഭയിൽ നേരത്തെ പാസ്സായിരുന്നു.

വിവരാവകാശ നിയമം : അറിയേണ്ട കാര്യങ്ങൾ

2005 ഒക്ടോബര്‍ 12നാണ് വിവരാവകാശ നിയമം നിലവിൽ വരുന്നത്. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്‍റെ പരിധിയില്‍ വരും. 

വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി 30 ദിവസത്തിനകം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അപേക്ഷകന് ബന്ധപ്പെട്ട വിവരം നല്‍കണം. അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വഴി ലഭിച്ച അപേക്ഷയാണെങ്കില്‍ 35 ദിവസത്തിനകം വിവരം നല്‍കിയാല്‍ മതി. എന്നാല്‍ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് 48 മണിക്കൂറിനകം നല്‍കണം.

നിയമം അനുശാസിക്കും വിധം വിവരം നല്‍കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ചോദ്യമാണ് അപേക്ഷകന്‍ ഉന്നയിച്ചതെങ്കില്‍ വിവരം നല്‍കേണ്ടതില്ല. കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈ നിയമപരിധിയില്‍ നിന്ന് ഈയിടെ ഒഴിവാക്കിയിരിക്കുന്നു.

മുഖ്യ വിവരാവകാശ കമ്മീഷണറുടെ നേതൃത്വത്തില്‍ 10 ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരാണ് ദേശീയ വിവരാവകാശ കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രപതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുക. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തുല്യമായിരിക്കും ശമ്പളവും പദവിയും. 

പുതിയ ബില്ലിലെ ഭേദഗതികള്‍ ചിലത് 

മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണര്‍മാരുടെയും കാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാറിന് നിശ്ചയിക്കാം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പമുള്ള തുല്യ പദവിയും എടുത്തുകളയും. ശമ്പളവും സര്‍ക്കാറിന് തീരുമാനിക്കാം. 

വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാറിന് തീരുമാനിക്കാന്‍ അധികാരം നല്‍കുന്നതോടെ കമ്മീഷന്‍ സര്‍ക്കാര്‍ സ്വാധീനത്തിന് വഴങ്ങേണ്ടി വരുമെന്നാണ് പ്രധാന വിമര്‍ശനം. കമ്മീഷണറുടെ കാലാവധി നീട്ടാനും വെട്ടിച്ചുരുക്കാനും സര്‍ക്കാറിന് അധികാരമുണ്ടാകും. കമ്മീഷണറെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും സാധിക്കുമെന്നും പ്രതിപക്ഷം പറയുന്നു. നേരത്തെ അഞ്ച് വര്‍ഷത്തേക്ക് നിയമനം നടത്തിയാല്‍ പിന്നീട് സര്‍ക്കാറിന് ഇടപെടാനുള്ള അധികാരമില്ലായിരുന്നു.