ദില്ലി: പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടയ്ക്കിടെ പറയുന്ന ടുക്ഡേ ടുക്ഡേ ഗാങ്ങിലെ അംഗങ്ങള്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ. ടുക്ഡേ ടുക്ഡേ ഗാങ്ങ് എങ്ങനെയാണ് രൂപം കൊണ്ടതെന്നും? യുഎപിഎ നിയമ പ്രകാരം ഈ ഗാങ്ങിനെ എന്തുകൊണ്ടാണ് നിരോധിക്കാത്തതെന്നും അപേക്ഷ ചോദിക്കുന്നു. തുക്ടേ തുക്ടേ ഗാങ്ങിനെതിരായി  ഏതെങ്കിലും സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ടോയെന്നും അപേക്ഷ ചോദിക്കുന്നു. 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാകേത് ഗോഖലെയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 26നാണ് വിവരാവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതുവരെയും ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയിട്ടില്ല. അപേക്ഷ ശ്രദ്ധനേടാന്‍ വേണ്ടിയുള്ള ശ്രമമാണെന്നും സുരക്ഷാ ഏജന്‍സികള്‍  ഈ ഗാങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ ഇന്ത്യ ടു‍ഡേയോട് വിശദമാക്കിയത്. 

എന്നാല്‍ അപേക്ഷ നല്‍കിയിട്ടുള്ളത് ഗൗരവപരമായാണെന്നും ജനുവരി 26നുള്ളില്‍ ‍ മറുപടി ലഭിക്കാത്ത പക്ഷം മുഖ്യവിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കുമെന്നും സാകേത് ഗോഖലെ പറഞ്ഞു. 

'ശിക്ഷിക്കാൻ സമയമായി'എന്ന് അമിത് ഷാ പറഞ്ഞ, 'ടുക്ഡേ ടുക്ഡേ' ഗ്യാങിലെ അംഗങ്ങൾ ആരൊക്കെയാണ് ?

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പല തവണ വിവിധ വേദികളില്‍ ഈ ഗാങ്ങിനേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ആപത്കരമായ ഇത്തരം ഗാങ്ങുകളുടെ ഭാഗമായവരെക്കുറിച്ചുള്ള വിവരം ആഭ്യന്തര മന്ത്രാലയത്തിന് കാണില്ലേയെന്നും ഗോഖലെ ചോദിക്കുന്നു. മന്ത്രാലയത്തില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നുവെന്നും സാകേത് ഗോഖലെ വിശദമാക്കി. ഭാവനയില്‍ മാത്രമാണോ ഈ ഗാങ്ങുള്ളതെന്നും മന്ത്രാലയം വിശദമാക്കണമെന്നും അപേക്ഷ ആവശ്യപ്പെടുന്നു. 

താന്‍ പഠിച്ച കാലത്ത് ഇത്തരം 'തുക്ടേ ഗാങ്ങുകള്‍' ജെഎന്‍യുവില്‍ ഇല്ല; എസ് ജയ്‍ശങ്കർ

2016ല്‍ ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രയോഗിച്ചുവെന്ന വിവാദം ഉയര്‍ന്ന കാലം മുതലാണ് ടുക്ഡേ ടുക്ഡേ ഗാങ്ങ് എന്ന പദപ്രയോഗം വ്യാപകമാവുന്നത്.  ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളെ സൂചിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ അടക്കം ഉപയോഗിക്കുന്ന പദമാണ് ടുക്ഡേ ടുക്ഡേ ഗാങ്ങ്. കനയ്യ കുമാര്‍, ഷെഹ്ല റാഷിദ്, ഉമര്‍ ഖാലിദ് എന്നിവരെയെല്ലാം ആക്രമിക്കാന്‍ ഈ പദം വ്യാപകമായി ഉപയോഗിക്കാറുണ്ട്. സമീപകാലത്തായി കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന ആരെയും ഈ പദം ഉപയോഗിച്ച് വിളിക്കാറുണ്ട് ബിജെപി നേതാക്കള്‍. 

പ്രധാനമായും നാലു ചോദ്യങ്ങളാണ് അപേക്ഷ ആവശ്യപ്പെടുന്നത്.

1. ടുക്ഡേ ടുക്ഡേ ഗാങ്ങിന്‍റെ നിര്‍വ്വചനം എന്താണ് ? ഈ ഗാങ്ങിലുള്ളവരെ എങ്ങനെ തിരിച്ചറിയാം.
2.ഏതെങ്കിലും സുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശമനുസരിച്ചാണോ ഈ പദപ്രയോഗം?
3.ഈ ഗാങ്ങിലെ അംഗങ്ങള്‍ ആരാണെന്ന് കണ്ടെത്തിയിട്ടുണ്ടോ?
4.ഈ സംഘടനയ്ക്കെതിരെ  നിയമപരമായ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?