ചെന്നൈ: ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ യുവതിയെ വസ്ത്ര ധാരണത്തിന്റെ പേരിൽ ആർടിഒ ഉ​ദ്യോ​ഗസ്ഥർ തിരിച്ചയച്ചു. ചെന്നൈയിലെ കെ കെ നഗറിലെ ആർടിഒ ഓഫീസിലാണ് സംഭവം. ചെന്നൈയിലെ സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി നോക്കുന്ന യുവതിയെ ആണ് ഉദ്യോ​ഗസ്ഥർ തിരിച്ചയച്ചത്. 

ജീൻസും സ്ലീവ് ടോപ്പും ധരിച്ചായിരുന്നു യുവതി ടെസ്റ്റിന് എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട യുവതിയോട് വീട്ടിൽ പോയി മാന്യമായി വസ്ത്രം ധരിച്ച് തിരിച്ചുവരാൻ ഉദ്യോ​ഗസ്ഥർ പറയുകയായിരുന്നു. ഇതിന് പിന്നാലെ ഉദ്യോ​ഗസ്ഥരുടെ നടപടി വിവാദമായിട്ടുണ്ട്. ഇത് സർക്കാർ ഓഫീസാണെന്നും ഇവിടെ വരുന്നവരോട് മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും ആർടിഒ വകുപ്പിലെ ഉദ്യോഗസ്ഥർ ചോദിക്കുന്നു.

ഡ്രൈവിംഗ് ടെസ്റ്റിന് വരുന്നവർക്ക് ഡ്രസ്സ് കോഡ് നിർബന്ധമല്ലെങ്കിലും പുരുഷന്മാരും സ്ത്രീകളും മാന്യമായ വസ്ത്രം ധരിച്ചെത്തണമെന്നും ആർടിഒ അധികൃതർ വ്യക്തമാക്കി. ലുങ്കിയും ഷോർട്സും ധരിച്ചെത്തുന്ന പുരുഷന്മാരെയും ഇക്കാര്യം ചൂണ്ടിക്കാട്ടി മടക്കി അയക്കാറുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.