Asianet News MalayalamAsianet News Malayalam

Sumalatha Ambareesh : സുമലത ബിജെപിയായാലും ഇല്ലെങ്കിലും...

മണ്ഡലത്തിൽ കോൺഗ്രസ് – ദൾ സംയുക്ത സ്ഥാനാർത്ഥിയെ, മുഖ്യമന്ത്രിയുടെ മകനെ, സ്വതന്ത്ര സ്ഥാനാർത്ഥിയായ സുമലത 2019ൽ ഒന്നേ കാൽ ലക്ഷം വോട്ടിന് തോൽപ്പിച്ചു.!!!

Rumour rife that Karnataka MP Sumalatha Ambareesh may join BJP
Author
Mandya, First Published May 5, 2022, 8:24 AM IST

‘’ഭർത്താവ് മരിച്ച സ്ത്രീകൾ ഇങ്ങനെ പുറത്തിറങ്ങി നടക്കാതെ വീട്ടിലിരിക്കണം’’. എച്ച്.ഡി.ദേവഗൗഡയുടെ മകൻ എച്ച്.ഡി.രേവണ്ണ സുമലതയെ ‘ഉപദേശിച്ചത്’ ഇങ്ങനെയാണ്. അംബരീഷിന്‍റെ മണ്ഡ്യയിലേക്കുളള അവരുടെ വരവ് ദളിന് പിടിച്ചിരുന്നില്ല. വൊക്കലിഗയല്ലാത്ത പുറംനാട്ടുകാരി, കന്നഡപാരമ്പര്യമില്ലാത്തയാൾ എന്നൊക്കെ ഭർത്താവ് മരിച്ച സ്ത്രീ ടാഗ്‍ലൈനിനൊപ്പം ചേർത്ത് അവർ സുമലതയ്ക്കെതിരെ നിരത്തി. കുമാരസ്വാമിയുടെ മകന് ജയിക്കാൻ.

എന്നാലോ? നടന്നത് മറ്റൊന്നായി.

2014ൽ ആകെ പോൾ ചെയ്ത 12 ലക്ഷത്തോളം വോട്ടിൽ ദളിനും കോൺഗ്രസിനും കൂടി പത്ത് ലക്ഷത്തിലധികം വോട്ട്. 2018ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ദളും ഒന്നിച്ചുമത്സരിച്ചപ്പോൾ കിട്ടിയത് മൂന്നേ കാൽ ലക്ഷം ഭൂരിപക്ഷം. ഈ കണക്കുളള മണ്ഡലത്തിൽ കോൺഗ്രസ് – ദൾ സംയുക്ത സ്ഥാനാർത്ഥിയെ, മുഖ്യമന്ത്രിയുടെ മകനെ, സ്വതന്ത്ര സ്ഥാനാർത്ഥിയായ സുമലത ( Sumalatha Ambareesh) 2019ൽ ഒന്നേ കാൽ ലക്ഷം വോട്ടിന് തോൽപ്പിച്ചു.!!!

അന്നത് വൻ ആഘോഷമാക്കിയത് ബിജെപിയാണ്. അവരാണ് മണ്ഡ്യയിലേക്ക് (Mandya) വന്ന സുമലതയ്ക്ക് പിന്തുണ നൽകി ആദ്യം പരവതാനി വിരിച്ചതും. വൊക്കലിഗ വികാരവും അംബരീഷിനോടുളള മണ്ഡ്യ മക്കളുടെ അടുപ്പവും കുമാരസ്വാമിക്കെതിരായ കോൺഗ്രസിലെ കലിപ്പും മുതലെടുക്കാൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാതെ, കരുതലെടുത്തു സുമലത.

പക്ഷേ ആർ.അശോകയും അതുവഴി യെദിയൂരപ്പയും പഴയ മണ്ഡ്യ ഹീറോ എസ്.എം.കൃഷ്ണയും അവരുടെ ഉപദേശികളായി. നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംപിയായി സുമലത. ലിംഗായത്ത് പ്രേമം കൂടിപ്പോയ തങ്ങളെ പഴയ മൈസൂരുവിൽ അടുപ്പിക്കാത്ത വൊക്കലിഗരെ ഒപ്പം കൂട്ടാൻ പണിയെടുക്കുന്ന ബിജെപിക്ക് സുമലത മണ്ഡ്യയിൽ വഴി തുറന്നു. മുഖ്യമന്ത്രിയുടെ മകനെപ്പോലും ജയിപ്പിക്കാൻ കഴിയാത്ത സഖ്യം പൊളിഞ്ഞു. സർക്കാർ വീണു. ബിജെപി അധികാരം പിടിച്ചു. ഇപ്പോളിതാ ,സുമലത  ബിജെപിയിൽ ചേരുമെന്ന് ആർ.അശോക തന്നെ പറയുന്നു. ആലോചനയിലില്ല അക്കാര്യമെന്ന് സുമലത തിരുത്തുന്നു.

ആർക്കും അത്ഭുതം തോന്നാനിടയില്ല. അംഗത്വത്തിന്‍റെ കുറവേയുളളൂ.. സുമലത ബിജെപിയിലേക്ക് എന്നാൽ സാങ്കേതികത്വമേ ശേഷിക്കുന്നുളളൂ. ബിജെപി ആയി എന്നത് കൊണ്ട് നഷ്ടം അധികമില്ലെന്ന് കണ്ടാൽ അവർ 2024ൽ  താമര ചിഹ്നത്തിൽ മണ്ഡ്യയിലിറങ്ങും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൈസൂരു മേഖലയിൽ ബിജെപിയുടെ താരപ്രചാരകയാകും.

എന്നാൽ വൊക്കലിഗ വികാരത്തിന്‍റെ ചൂടറിയും വീണ്ടും ബിജെപിയെന്ന് കണ്ടാൽ സുമലത തത്സ്ഥിതി തുടരാനാണ് സാധ്യത. തമ്മിൽ തല്ലിന്‍റെ പഴയ കാലം വിട്ട്, ഒറ്റയ്ക്കൊറ്റയ്ക്കാണ് ദളും കോൺഗ്രസും. വിമതരുടെ ലക്ഷം വോട്ടിൽ മണ്ഡ്യ പിടിച്ച സുമലതയ്ക്ക്, ആ കണക്ക് മൈനസാകുമ്പോൾ,പുതിയ വഴി നോക്കണം. അതിന് ബിജെപി കൊടിയും താമര ചിഹ്നവും മതിയാകുമോ? 

അപ്പോൾ ഏതാണ് ഓപ്ഷൻ?
 

Follow Us:
Download App:
  • android
  • ios