ഹൈ​ദരാബാദ്: കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതിലൂടെ കൊറോണ വൈറസ് പടരുമെന്ന വ്യാജപ്രചരണത്തെ തുടർന്നുള്ള ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ വ്യത്യസ്തമായ മാർഗവുമായി തെലങ്കാന മന്ത്രിമാർ. ഹൈദരാബാദിലെ ടാങ്ക് ബണ്ഡിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിമാർ സ്റ്റേജിൽ വച്ച് ചിക്കൻ ഫ്രൈ കഴിച്ചായിരുന്നു വ്യാജപ്രചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചത്.

മന്ത്രിമാരായ കെടി രാമറാവു, ഇതേല രാജേന്ദർ, തലസാനി ശ്രീനിവാസ് യാദവ് എന്നിവരാണ് പൊതുവേദിയില്‍ വച്ച് ചിക്കന്‍ കഴിച്ചു കൊണ്ട് ജനങ്ങളെ ബോധവല്‍ക്കരിച്ചത്. ബ്രോയ്ലർ ചിക്കൻ വിൽപന നടത്തുന്ന കമ്പനിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Read More: കൊറോണവൈറസ്: വ്യാജപ്രചാരണത്തിൽ വീണ് ഇറച്ചിക്കോഴി, മുട്ട കച്ചവടക്കാർ

അതേസമയം, ഡിസംബറില്‍ ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് പിടിപ്പെട്ട് ഇതുവരെ 2800ലധികം പേരാണ് മരിച്ചത്. ഇന്ത്യയുൾപ്പടെ 57 രാജ്യങ്ങളില്‍ കോവിഡ് 19 എന്ന കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയെ കൂടാതെ മറ്റ് രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപകമായി പടരാൻ തുടങ്ങിയതോടെ ലോകാരോഗ്യ സംഘടന‌ ആശങ്ക പങ്കുവച്ചു. കൊറോണ വൈറസ് ബാധ ആഗോള അപകടമായി മാറിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.