Asianet News MalayalamAsianet News Malayalam

അധ്യാപക നിയമന അഴിമതി: മന്ത്രിയുടെ സഹായിയുടെ വീട്ടിൽ പണക്കൂമ്പാരം, പിടിച്ചെടുത്തത് 50 കോടിയും 5 കിലോ സ്വ‍ർണവും

മമത ബാനർജിക്കെതിരെ ബിജെപി, പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ തയ്യാറാകണമെന്ന് മമതയോട് ബിജെപി

Rupees Fifty crore and 5 Kg gold sized from Bengal ministers aid
Author
Kolkata, First Published Jul 28, 2022, 3:32 PM IST

കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 29 കോടി രൂപ കൂടി ഇഡി കണ്ടെടുത്തു. ഇന്നലെ തുടങ്ങിയ റെയഡ് 18 മണിക്കൂര്‍ നീണ്ടു നിന്നു. പിടിച്ചെടുത്ത പണം പത്ത് വലിയ പെട്ടികളിലാക്കിയാണ്  നീക്കിയത്. പണത്തോടൊപ്പം അഞ്ച് കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തു. അര്‍പിതയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിട്ടുണ്ട്. അർപിതയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ 21 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. ഇഡി കസ്റ്റഡിയിലുള്ള അര്‍പിത മുഖർജി ചോദ്യം ചെയ്യലിനിടെയാണ് ധനശേഖരത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. മന്ത്രിയേയും ഇഡി ചോദ്യം ചെയ്യുകയാണ്.

മന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്കെതിരെ ബിജെപി രംഗത്തെത്തി. ബംഗാളിൽ നടക്കുന്ന അഴിമതികളിൽ മമതാ ബാനർജി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് ബിജെപി ചോദിച്ചു. തൃണമൂലിന്റെ അഴിമതിക്കഥകൾ ഒരോന്നായി പുറത്ത് വരികയാണ്. പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ മമത തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പണം ഒരു മുറിയിൽ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്‍റെ ആളുകളും മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നതെന്നും അർപിത പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ മന്ത്രി തന്‍റെ വീട്ടിൽ വരുമായിരുന്നു. തന്‍റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാർത്ഥ ചാറ്റർജി ഉപയോ​ഗിച്ചത്. ആ സ്ത്രീയും പാർത്ഥ ചാറ്റർജിയുടെ സുഹൃത്താണെന്നും അർപിത മുഖർജി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. 

മുറിയിൽ എത്ര പണമുണ്ടായിരുന്നുവെന്ന് മന്ത്രി തന്നോട് വെളിപ്പെടുത്തിയിരുന്നില്ല. ബം​ഗാളി സിനിമാ താരമാണ് തനിക്ക് ചാറ്റർജിയെ പരിചയപ്പെടുത്തിയത്. 2016 മുതൽ ഇരുവരും സുഹൃത്തുക്കളാണ്. മന്ത്രിയല്ല മറ്റുള്ളവരാണ് പണം കൊണ്ടുവന്നിരുന്നതെന്നും അർപിത പറഞ്ഞു. പാർത്ഥ ചാറ്റർ‌ജിയെ ഓ​ഗസ്റ്റ് മൂന്ന് വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
 

Follow Us:
Download App:
  • android
  • ios