അതേസമയം യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും പിബി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ദില്ലി: യുക്രൈനെതിരായ (Ukraine) റഷ്യയുടെ (Russia) സൈനിക നടപടി നിര്‍ഭാഗ്യകരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ (CPM Politburo). യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. അതേസമയം യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും പിബി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

സിപിഐ എം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന 

ഉക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം ഉക്രയ്‌നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കന്‍ ഉക്രയ്‌നിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. ഉക്രയ്‌നിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.

രാജ്യം വിടില്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ്; റഷ്യ പിന്‍വാങ്ങണമെന്ന് യുഎന്‍ കരട് പ്രമേയം

ന്യൂയോര്‍ക്ക്: യുക്രൈനില്‍ (Ukraine) റഷ്യന്‍ (Russia) അധിനിവേശമെന്ന് ഐക്യരാഷ്ട്ര സഭ. കടന്നുകയറ്റം അവസാനിപ്പിച്ച് റഷ്യ പിന്‍വാങ്ങണമെന്ന് യുഎന്‍ കരട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യുക്രൈന് സഹായത്തിന് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്. കരട് പ്രമേയം ചര്‍ച്ചയ്ക്ക് ഇന്ത്യക്ക് കൈമാറി. അതേസമയം റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം കുറയും. ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു.

ഇത് യുക്രൈൻ ഒറ്റയ്ക്ക് നേരിടുന്ന യുദ്ധമാണെന്ന് മനസിലായി. യുക്രൈൻ നേരിടുന്ന ഈ യുദ്ധത്തിൽ വന്‍ ശക്തികൾ കാഴ്ച്ചക്കാരായെന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് റഷ്യയെ ഭയമാണെന്ന് ബോധ്യമായെന്നും യുക്രൈൻ പ്രസിഡന്‍റ് പറഞ്ഞു.റഷ്യ സൈനിക നീക്കം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു. പുടിനുമായി മക്രോണ്‍ ഫോണില്‍ സംസാരിച്ചു. കീവില്‍ സഫോടന പരമ്പര നടത്തുകയാണ് റഷ്യ. സപ്പോരിജിയയിലും ഒഡേസയിലും വ്യോമാക്രമണം റഷ്യ നടത്തി. റഷ്യന്‍ ടാങ്കറുകള്‍ കീവിലേക്ക് നീങ്ങുകയാണ്. 28 ലക്ഷം മനുഷ്യരുള്ള കീവ് നഗരത്തിനു മേൽ ഇന്ന് പുലർച്ചെ റഷ്യ ഉഗ്ര ആക്രമണമാണ് നടത്തിയത്. സിവിലിയൻ കേന്ദ്രങ്ങൾ അടക്കം മിസൈൽ ആക്രമണത്തിൽ കത്തിയെരിഞ്ഞു. അക്രമിക്കാനെത്തിയ ഒരു റഷ്യൻ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയെന്ന് യുക്രൈൻ അവകാശപ്പെട്ടു. ഇന്നലെ 204 മിസൈലുകളാണ് ആകെ തൊടുത്തത് എങ്കിൽ ഇന്ന് കീവ് നഗരത്തിൽ മാത്രം നാല്‍പ്പതോളം മിസൈലുകൾ വീണതായാണ് റിപ്പോർട്ട്.