Asianet News MalayalamAsianet News Malayalam

ശബരിമല: യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ല: പുനഃപരിശോധനയില്‍ വിശാലബെഞ്ചിന്‍റെ തീരുമാനം നിര്‍ണായകം

വിധി പുറത്തുവന്നതോടെ  പ്രതിഷേധങ്ങളുടെ ഫലമാണിതെന്ന അവകാശവാദങ്ങളുമായി രാഷ്ട്രീയ- വിശ്വാസ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്

sabarimala women entry verdict in review petition
Author
Delhi, First Published Nov 14, 2019, 1:28 PM IST

ദില്ലി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്‍റെ 2018 സെപ്തംബര്‍ 28 ലെ വിധി നിലനില്‍ക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് യുവതി പ്രവേശനക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പുനഃപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച 56 ഹര്‍ജികളില്‍ ചൂണ്ടികാട്ടിയ ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിലേക്ക് മാറ്റിയെന്നാണ് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധി. അതേസമയം രണ്ട് ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡും രോഹിന്‍റന്‍ നരിമാനും യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ​ഗോഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഖാൻവിൽക്കർ എന്നിവരാണ് മതാചാരം-അവകാശങ്ങള്‍- കോടതി ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഏഴംഗ ബെഞ്ച് തീരുമാനിക്കട്ടെ എന്ന് നിലപാടെടുത്തത്. മതാചാരങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളേയും വ്യക്തമായി വിവക്ഷിക്കുന്നതിനുള്ള വിശാലമായ നിലപാട് ഏഴംഗ ‍ബെഞ്ചിൽ നിന്ന് ഉണ്ടാകണമെന്നാണ് വിധിയുടെ ഉള്ളടക്കം, 

വിപുലമായ ബെഞ്ചിന് വിട്ട വിഷയങ്ങൾ ഇവയാണ്: 

  • മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അനുച്ഛേദങ്ങളുടെ പരസ്പര ബന്ധം
  • പൊതുക്രമം, ധാർമ്മികത എന്നിവയുടെ വ്യാഖ്യാനം
  • ഭരണഘടനാ ധാർമ്മികതയുടെ കീഴിൽ വരുന്നത് എന്തൊക്കെ
  • മതാചാരം എന്തെന്ന് കോടതി നിർണ്ണയിക്കേണ്ടതുണ്ടോ. അതോ മതമേധാവിക്ക് വിടണോ
  • ഹിന്ദുക്കളിൽ ഒരു വിഭാഗം എന്ന ഭരണഘടനയുടെ പരാമർശത്തിന്‍റെ വ്യാഖ്യാനം
  • അവിഭാജ്യ മതാചാരത്തിന് ഭരണഘടനാ പരിരക്ഷയുണ്ടോ?
  • വിഷയവുമായി ബന്ധമില്ലാത്തവരുടെ പൊതുതാല്പര്യ ഹർജി പരിഗണിക്കേണ്ടതുണ്ടോ

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ നല്‍കാതെയാണ് പുനഃപരിശോധന സാധ്യതകള്‍ നിലനിര്‍ത്തി നിശ്ചിത കാര്യങ്ങളില്‍  തീരുമാനമെടുക്കാന്‍  വിശാലബെഞ്ചിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ കാര്യങ്ങളിലെ തീര്‍പ്പിന് ശേഷമായിരിക്കും പുനപരിശോധനാ ഹര്‍ജികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുക. മണ്ഡലകാലം അടുത്തുനില്‍ക്കെ വിധിയില്‍ വ്യക്തത വരുത്തേണ്ടത് കേരളത്തിന് അത്യാവശ്യമാണ്. സുപ്രീം കോടതി വളപ്പില്‍ നാമജപം നടത്തിയാണ് ഹര്‍ജിക്കാര്‍ വിധിയെ സ്വീകരിച്ചത്. വിധി പുറത്തുവന്നതോടെ തങ്ങളുടെ പ്രതിഷേധങ്ങളുടെ ഫലമാണിതെന്ന അവകാശവാദങ്ങളുമായി രാഷ്ട്രീയ വിശ്വാസ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിധിയോടുള്ള പ്രതികരണങ്ങള്‍ ഇങ്ങനെ...

സർക്കാർ എന്താണ് ചെയ്യുന്നതെന്ന് സർക്കാർ വ്യക്തമാക്കട്ടേയെന്ന് ബേബി

ശബരിമലയിലെ യുവതി പ്രവേശം മാത്രമല്ല മറ്റ്‌ വ്യത്യസ്ത മതവിഭാഗങ്ങളിലെ സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യം കൂടി 7 അംഗ ഭരണഘടനാ ബഞ്ച് പരിശോധിക്കാൻ പോവുകയാണ്. ശബരിമലയിലെ നേരത്തെ യുള്ള യുവതി പ്രവേശന ഉത്തരവ് സ്റ്റേ ചെയ്തിട്ടുമില്ല. സർക്കാർ എന്താണ് ചെയ്യുന്നതെന്ന് സർക്കാർ വ്യക്തമാക്കട്ടെ. സ്ത്രീകള്‍ക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്ന തുല്യതയ്ക്ക് വേണ്ടിയാണു സിപിഎം നിലകൊള്ളുന്നതെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും എം എ ബേബി ഏഷ്യാനെറ്റ്‌ ന്യൂസിലൂടെ വ്യക്തമാക്കി.

യുവതി പ്രവേശന വിധി നടപ്പാക്കണമെന്ന് കാനം

യുവതി പ്രവേശന വിധി നിലനിൽക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. വിധി എന്തായാലും നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വിധി എന്ത് തന്നെയായാലും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുവെന്ന് കടകംപള്ളി

സുപ്രീംകോടതി വിധി എന്തായാലും ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകളെ ശബരിമലയിൽ കയറ്റുമോ എന്ന ചോദ്യത്തിന് ഇപ്പോൾ മറുപടി ഇല്ല. വിധി വിശദമായി പഠിക്കെണ്ടാതുണ്ട്. സ്ത്രീകളെ കയറ്റുമോ തുടങ്ങിയ കാര്യങ്ങൾ വിധി വിശദമായി പഠിച്ച ശേഷം പറയും. പ്രതിപക്ഷവും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. അയോധ്യ വിധി സംയമനത്തോടെ സ്വീകരിച്ച പോലെ ഇതും സ്വീകരിക്കണം. ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍.

വിധി സ്വാഗതം ചെയ്ത് രാഹുല്‍ ഈശ്വര്‍, ആത്മവിശ്വാസം പകരുന്ന വിധിയെന്ന് കണ്ഠരര് രാജീവർ

ശബരിമല യുവതീപ്രവേശനം പുനഃപരിശോധിക്കുമെന്ന ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ ഈശ്വർ. സംസ്‌ഥാന സർക്കാർ ഈ വിധി മാനിക്കണമെന്നും യുവതികൾ പ്രവേശനത്തിന് എത്തിയാൽ അനുവദിക്കരിക്കരുതെന്നും രാഹുല്‍ പറ‍ഞ്ഞു. ഏഴംഗ ബെഞ്ചിന് വിട്ട വിധി സ്വാഗതം ചെയ്യുന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവർ. വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്ന വിധിയെന്നും കണ്ഠരര് രാജീവർ പറഞ്ഞു. 

സ്റ്റേ ഇല്ലെങ്കില്‍ ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ്ഗ, സർക്കാർ സംരക്ഷണം നൽകണമെന്ന് ബിന്ദു

വിധി രാഷ്ട്രീയ വൽക്കരിച്ചുവെന്ന് കനക ദുർഗ്ഗ. വിധി നിരാശപ്പെടുത്തുന്നില്ല. വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്നും കനക ദുർഗ്ഗ. ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്യാത്തത് സ്വാഗതാർഹമെന്ന് ബിന്ദു അമ്മിണി. ഇക്കാര്യം അംഗീകരിക്കാൻ സംഘപരിവാർ തയ്യാറാകണം. ഈ സാഹചര്യത്തിൽ മല കയറാനെത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ബിന്ദു. 

സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തണമെന്ന് ചെന്നിത്തല

മണ്ഡലമകരവിളക്ക് കാലത്ത് യുവതികളെ ശബരിമലയിലേക്ക് അയച്ച് സര്‍ക്കാര്‍ പ്രശ്‍നങ്ങള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീപ്രവേശന വിധിയില്‍ സ്റ്റേയില്ലെങ്കിലും വിശാല ബെഞ്ച് വിധി പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് യുവതികളെ ശബരിമലയില്‍ കയറ്റുകയാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ അത് പ്രതിസന്ധി ഉണ്ടാക്കും. പഴയ നിലപാട്  സര്‍ക്കാര്‍ ഉപേക്ഷിക്കണം. നിര്‍ബന്ധമായി യുവതികളെ ശബരിമലയില്‍ കയറ്റി അവിടം സംഘര്‍ഷഭൂമിയാക്കി മാറ്റരുത്. യുഡിഎഫ് നല്‍കിയ അഫിഡവിറ്റ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ പുനപരിശോധനാ ഹര്‍ജിയും ഒക്കെ കണക്കിലെടുത്താണ് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നതെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. യുഡിഎഫിന്‍റെ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

സന്തോഷവും ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് ശശി കുമാര്‍ വര്‍മ്മ

ശബരിമല യുവതീപ്രവേശനവിധി പുനഃപരിസോധിക്കാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചതില്‍ സന്തോഷവും ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി അംഗം ശശി കുമാര്‍ വര്‍മ്മ. ലോകം മുഴുവനുള്ള അയ്യപ്പ ഭക്തന്മാരുടെ വികാരം അതേരീതീയില്‍ ഉള്‍ക്കൊണ്ടുകൊണ്ട് കേസ് മാറ്റുവാന്‍ അ‍ഞ്ചംഗ ബെഞ്ച് തീരുമാനിച്ചിരിക്കുന്നു. അയ്യപ്പ ഭക്തജനങ്ങള്‍ക്കെല്ലാം ഇത് ആശ്വാസകരവും സന്തോഷകരവുമാണെന്നും ശശികുമാര്‍ വര്‍മ്മ അറിയിച്ചു. 

സർക്കാർ യുവതികളെ പ്രവേശിപ്പിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് കുമ്മനം

ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കിൽ, പ്രതികരണം രൂക്ഷമായിരിക്കുമെന്ന് കുമ്മനം രാജശേഖരന്‍. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് സർക്കാർ പ്രശ്നമുണ്ടാക്കരുതെന്ന് കുമ്മനം ആവശ്യപ്പെട്ടും. "സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ഈ കാര്യത്തിൽ ദേവസ്വംബോർഡ് ഒളിച്ചുകളി അവസാനിപ്പിക്കണം." ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് പുനപരിശോധന ഹർജിയിൽ കക്ഷിയായില്ലെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല യുവതീ പ്രവേശനം അനുവദിച്ച നേരത്തെയുളള വിധിയിൽ അപാകതയുണ്ടെന്നാണ് ഈ വിധിയുടെ അർത്ഥം. അതിനാൽ അന്തിമവിധി വരുന്നത് വരെ ഈ സർക്കാർ കാത്തിരിക്കണം. ഈ സമയത്ത് ഏതെങ്കിലും യുവതികൾ ശബരിമലയിൽ കയറണം എന്നാവശ്യപ്പെട്ട് വന്നാൽ അവരെ തടയണം. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കണം. മുമ്പുണ്ടായിരുന്ന ആചാരങ്ങൾ തുടരാൻ  അനുവദിക്കുകയാണ് വേണ്ടത്. ഇനിയും പാഠംപഠിക്കാതെ സർക്കാർ യുവതികളെ കയറ്റാൻ ശ്രമിച്ചാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ സമൂഹത്തിന്‍റെ വിജയമെന്ന് എന്‍എസ്എസ്, വിധി സ്വാഗതാര്‍ഹമെന്ന് ശ്രീധരന്‍പിള്ള

സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് എൻഎസ്എസ്. വിശ്വാസത്തിന്‍റെയും വിശ്വാസ സമൂഹത്തിന്‍റെയും വിജയമെന്നും എന്‍എസ്എസ് പറഞ്ഞു. വിധി സ്വാഗതം ചെയ്ത് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. വിശാലബെഞ്ചിന് വിട്ടത് വളരെ നല്ലകാര്യം. വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടും. ഭഗവാന്‍റെ കാരുണ്യം വിശ്വാസികള്‍ക്ക് ഒപ്പമെന്ന് വ്യക്തമാകുന്നുവെന്നും ശ്രീധരന്‍പിള്ള. 

സർക്കാർ അവിശ്വാസികളെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്ന് എം ടി രമേശ്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടി സ്വാഗതാർഹമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. അയ്യപ്പ വിശ്വാസികൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് എന്താണോ അത് കോടതി അംഗീകരിച്ചു. പുനഃപരിശോധനാ ഹർജി പരിഗണിക്കേണ്ടതാണ് എന്ന്‌ മനസിലാക്കിയാണ് ഏഴംഗ ബഞ്ചിനു വിട്ടത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ദുരഭിമാനം വെടിയണം. ഇനി സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ നോക്കരുത്. അത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. സർക്കാർ അവിശ്വാസികളെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണം. ദേവസ്വം ബോർഡ്‌ വിശ്വാസികൾക്ക് ഒപ്പം നിൽക്കണമെന്നും എം ടി രമേശ്.

സുപ്രീം കോടതി പറയുന്നതനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്ന് കെ കെ ശൈലജ

ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിശാലബെഞ്ചിലേക് വിട്ട സാഹചര്യത്തിൽ സ്ത്രീ പ്രവേശനത്തിൽ മന്ത്രിസഭ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ശൈലജ വ്യക്തമാക്കി.

കോടതി വിധി നടപ്പിലാക്കുകയാണ് സർക്കാറിന്‍റെ ഉത്തരവാദിത്വം: യെച്ചൂരി

ശബരിമല കേസില്‍ കോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സർക്കാറിന്‍റെ ഉത്തരവാദിത്വമെന്ന് സീതാറാം യെച്ചൂരി. സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ എന്ത് വേണമെന്നത്  കോടതി വിധി പഠിച്ച ശേഷം വ്യക്തമാക്കാമെന്നും യെച്ചൂരി. 

ആചാരം തടയാൻ ശ്രമിക്കുന്നവരെ ഭക്തർ പ്രതിരോധിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ലെന്ന് വി മുരളീധരന്‍

ശബരിമലയിലെ ആചാരം തടയാൻ ശ്രമിക്കുന്നവരെ ഭക്തർ പ്രതിരോധിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിധി നടപ്പിലാക്കുന്നു എന്ന് പറഞ്ഞ് അരാജകവാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും ഈ വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും മുരളീധരന്‍ പറഞ്ഞു. വിശ്വാസികളല്ലാത്തവരെയാണ് ശബരിമലയിൽ കയറ്റിയത്. സർക്കാരിന് അരാജകവാദികളെ കൊണ്ടുവരാം എന്ന് വിധിയിൽ പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios