മുതിർന്ന നേതാവും മഹാരാഷ്ട്ര നിയമ നിർമാണ കൗൺസിൽ അം​ഗവുമായ സച്ചിൻ ആഹിർ ചൊവ്വാഴ്ചയാണ് ഷിന്ദേ വിഭാ​ഗത്തിന്റെ ഭാ​ഗമായത്. ഇതിനുപിന്നാലെ ഷിന്ദേ വിഭാ​ഗത്തിന്റെ പ്രതിനിധിയായി മഹാരാഷ്ട്ര നിയമ നിർമാണ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ പദവിയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുകയുംചെയ്തു.

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് വിഭാ​ഗത്തിന്(യുബിടി) വീണ്ടും തിരിച്ചടി. പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് ഉദ്ധവ് വിഭാ​ഗത്തിന്റെ വിശ്വസ്തനും ആദിത്യ താക്കറെയുടെ വലംകൈ എന്ന് വിശേഷിപ്പിക്കുന്ന നേതാവുമായ സച്ചിൻ ആഹിർ ശിവസേന ഷിന്ദേ വിഭാ​ഗത്തിൽ ചേർന്നു. മുതിർന്ന നേതാവും മഹാരാഷ്ട്ര നിയമ നിർമാണ കൗൺസിൽ അം​ഗവുമായ സച്ചിൻ ആഹിർ ചൊവ്വാഴ്ചയാണ് ഷിന്ദേ വിഭാ​ഗത്തിന്റെ ഭാ​ഗമായത്. ഇതിനുപിന്നാലെ ഷിന്ദേ വിഭാ​ഗത്തിന്റെ പ്രതിനിധിയായി മഹാരാഷ്ട്ര നിയമ നിർമാണ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ പദവിയിലേക്ക് നാമനിർദേശ പത്രികയും സമർപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉദ്ധവ് വിഭാ​ഗം ശിവസേനയിൽനിന്ന് ജനപ്രതിനിധികളെയും കൂടുതൽ നേതാക്കളെയും പാർട്ടിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി ഷിന്ദേ വിഭാ​ഗം നടത്തുന്ന ഓപ്പറേഷൻ ടൈ​ഗർ-3 യുടെ ഭാ​ഗമായാണ് സച്ചിൻ ആഹിറിന്റെ കൂടുമാറ്റവും. അതേസമയം, പാർട്ടി ജനറൽ സെക്രട്ടറിയായ ആദിത്യ താക്കറെയുടെ അടുത്ത അനുയായിയായ സച്ചിൻ ആഹിർ ഷിന്ദേ വിഭാ​ഗത്തിനൊപ്പം ചേർന്നത് പാർട്ടി നേതൃത്വത്തെയും പ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

മുംബൈയിൽ, പ്രത്യേകിച്ച് വർളി നിയോജകമണ്ഡലത്തിൽ ആദിത്യ താക്കറെയുടെ വലംകൈ എന്ന് വിശേഷിപ്പിച്ചിരുന്ന മുതിർന്ന നേതാവാണ് സച്ചിൻ ആഹിർ. 2019-ൽ ആദിത്യ താക്കറെ ആദ്യമായി തെരഞ്ഞടുപ്പിൽ മത്സരിച്ചപ്പോൾ അന്ന് എൻസിപിയിലായിരുന്ന സച്ചിൻ ആഹിറിനെ ശിവസേനയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വർളി നിയോജകമണ്ഡലത്തിൽ ആദിത്യ താക്കറെയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിനടക്കം ചുക്കാൻ പിടിച്ചതും രാഷ്ട്രീയതന്ത്രങ്ങൾ മെനഞ്ഞതും സച്ചിനായിരുന്നു. വിശ്വസ്തൻ പാർട്ടി വിട്ടത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ആദിത്യ താക്കറെയ്ക്ക് വൻ തിരിച്ചടിയായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അദ്ദേഹത്തെ എന്റെ അടുത്തേക്ക് കൊണ്ടുവരൂ, പൊട്ടിത്തെറിച്ച് ആദിത്യ താക്കറെ...

വിശ്വസ്തനായ സച്ചിൻ ആഹിർ ഷിന്ദേ വിഭാ​ഗത്തിനൊപ്പം പോയതിൽ രോഷാകുലനായാണ് ആദിത്യ താക്കറെ പ്രതികരിച്ചത്. പാർട്ടി അദ്ദേഹത്തിന് എല്ലാം നൽകിയെന്നും എന്നാൽ ആദർശമോ ധാർമികതയോ ഇല്ലാതെ അദ്ദേഹം പാർട്ടി വിട്ടുപോയെന്നും ആദിത്യ താക്കറെ പറഞ്ഞു. 'ഒരാൾക്ക് ജീവിതത്തിൽ ചില ആദർശങ്ങൾ വേണം. പാർട്ടി നിങ്ങൾക്ക് എല്ലാം നൽകിയിട്ടുണ്ടെങ്കിൽ പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങൾ പാർട്ടിക്കൊപ്പം നിൽക്കണം. അദ്ദേഹത്തെ എന്റെ അടുത്തേക്ക് കൊണ്ടുവരൂ, പാർട്ടി എന്താണ് നൽകാതിരുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാം', ആദിത്യ താക്കറെ രോഷത്തോടെ പറഞ്ഞു.

രാഷ്ട്രീയത്തിലെ തെണ്ടുൽക്കർ...

ശിവസേന(യുബിടി) വിട്ടെത്തിയ സച്ചിൻ ആഹിറിനെ പാർട്ടിയിലേക്ക് സ്വാ​ഗതംചെയ്ത ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ 'രാഷ്ട്രീയത്തിലെ തെണ്ടുൽക്കർ' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദ്ദേഹം താഴേക്കിടയിലും സ്വാധീനമുള്ള രാഷ്ട്രീയക്കാരനാണ്. ജനങ്ങൾ അ​ദ്ദേഹത്തിന്റെ രാഷ്ട്രീയശൈലിയെ ഇഷ്ടപ്പെടുന്നു. ബാറ്റും ബോളും ഫീൽഡും ചെയ്യുന്ന ഞങ്ങളുടെ കളിക്കാരനാണ് സച്ചിൻ ആഹിറെന്നും ഏക്നാഥ് ഷിന്ദേ പറഞ്ഞു.