സച്ചിൻ പൈലറ്റ് ടോങ്കിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു, ശേഷം പ്രതികരണം രാഹുലും ഖർഗെയും പറഞ്ഞതിനെക്കുറിച്ച്!
പ്രവർത്തകർക്കൊപ്പം ആവേശമായെത്തിയാണ് സച്ചിൻ പൈലറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സച്ചിൻ പൈലറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിറ്റിംഗ് മണ്ഡലമായ ടോങ്കിൽ നിന്നാണ് സച്ചിൻ ഇക്കുറിയും മത്സരിക്കുന്നത്. പ്രവർത്തകർക്കൊപ്പം ആവേശമായെത്തിയാണ് സച്ചിൻ പൈലറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ശേഷം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഒന്നിച്ച് പോകണമെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പറഞ്ഞതിനെക്കുറിച്ചായിരുന്നു. കഴിഞ്ഞതെല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാനാണ് രാഹുലും ഖർഗെയും പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാന ഭരണം നിലനിർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് കോൺഗ്രസ്. ഇടഞ്ഞു നിന്നിരുന്ന മുഖ്യമന്ത്രി ഗെലോട്ടും സച്ചിനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നത് കോൺഗ്രസിന് ആശ്വാസമേകുന്നതാണ്. അതിനിടെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നു.
രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാനമായും ഏഴ് വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ട് വച്ചിട്ടുള്ളത്. 1.05 കോടി കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടറുകളും ഒരു കുടുംബത്തിലെ സ്ത്രീക്ക് ഗഡുക്കളായി 10,000 രൂപ വാർഷിക ഓണറേറിയവുമാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പുറമെ പുതിയതായി അഞ്ച് വാഗ്ദാനവും ഉറപ്പ് നൽകിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഒന്നാം വർഷ സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് ടാബ്‌ലെറ്റ്, പഴയ പെൻഷൻ പദ്ധതി (ഒ പി എസ്) നടപ്പാക്കും, വിള നഷ്ടത്തിന് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ തുടങ്ങി വമ്പൻ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കും നവംബർ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. ഭരണം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ അധികാരം തിരിച്ചുപിടിക്കാനാണ് ബി ജെ പിയുടെ പരിശ്രമം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം