രാജസ്ഥാൻ: കോൺഗ്രസിലെ ആഭ്യന്തര കലാപത്തിനിടെ ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന സൂചനകൾക്കിടെ സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ ദേശീയ കോൺഗ്രസ് നേതൃത്വം. ഹൈക്കമാന്റ് പ്രതിനിധി അഹമ്മദ് പാട്ടേൽ സച്ചിൻ പൈലറ്റുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ സച്ചിൻ പൈലറ്റ് തയ്യാറായിട്ടില്ല . 

ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സച്ചിൻ പൈലറ്റിനെ ദില്ലിയിലേക്ക് കൊണ്ടുവന്ന് പ്രധാന ചുമതല നൽകുന്നതിന് ഒപ്പം രാജ്യസഭാ സീറ്റ് അടക്കമുളള വാഗ്ദാനങ്ങളും കോൺഗ്രസ്മുന്നോട്ട് വക്കുന്നുണ്ട്. അതിനൊപ്പം സച്ചിൻ പൈലറ്റ് നിര്‍ദ്ദേശിക്കുന്ന ആൾക്ക് മന്ത്രിസഭയിൽ സുപ്രധാന വകുപ്പ് നൽകാമെന്ന നിര്‍ദ്ദേശവും ഉണ്ട് . എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്ന പ്രസ്താവനക്ക് അപ്പുറം കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ നീക്കങ്ങളോട് അനുകൂലമായി പ്രതികരിക്കാൻ സച്ചിൻ പൈലറ്റ് ഇത് വരെ തയ്യാറായിട്ടില്ല .

രാജസ്ഥാൻ സർക്കാരിനെ സംരക്ഷിക്കാൻ എല്ലാ വഴിയും ആലോചിക്കുന്നു എന്നാണ് മുതിര്‍ന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഒരു വശത്ത് സമവായ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും സച്ചിൻ പൈലറ്റ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ സര്‍ക്കാരിനെ സംരക്ഷിച്ച് നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നാണ് കോൺഗ്രസ് പറയുന്നത് .

അതേസമയം വിമത എംഎൽഎമാര്‍ ഇപ്പോഴും രാജസ്ഥാന് പുറത്ത് കഴിയുകയാണ്. സാഹചര്യം പരമാവധി മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി