പ്രത്യേക വിമാനത്തിലാണ് വന്നതെന്നും ആരോഗ്യസേതു ആപ്പ് ഉണ്ടായിരുന്നതിനാല്‍ നിരീക്ഷണം ആവശ്യമില്ലെന്നും മന്ത്രി 

ബെംഗളൂരു: കർണാടക സർക്കാരിന്‍റെ നിരീക്ഷണ മാർഗനിർദേശം പാലിക്കാതെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ദില്ലിയിൽ നിന്ന് ബെംഗളൂരുവിൽ വിമാനമിറങ്ങിയ മന്ത്രി നിരീക്ഷണത്തിൽ പോയില്ല. കേന്ദ്രമന്ത്രി ആയതിനാൽ ഇളവുണ്ടെന്നാണ് വാദം. ദില്ലിയുൾപ്പെടെ ആറ് തീവ്രബാധിത സംസ്ഥാനങ്ങളിൽ നിന്ന് വിമാനത്തിലോ റോഡ്, റെയിൽ മാർഗമോ എത്തുന്നവർക്ക് കർണാടകത്തിൽ കർശന നിരീക്ഷണമാണുള്ളത്. ഏഴ് ദിവസം സർക്കാർ കേന്ദ്രത്തിലും തുടർന്ന് ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തിലും കഴിയണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ ബെംഗളൂരുവിൽ വിമാനമിറങ്ങിയ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഇതൊന്നും പാലിക്കാൻ തയ്യാറായില്ല. നിരീക്ഷണകേന്ദ്രത്തിലേക്ക് പോകാതെ മന്ത്രി വീട്ടിലേക്ക് പോവുകയും ഓഫീസിൽ സജീവമാകുകയും ചെയ്തു. ചോദ്യമുയർന്നതോടെ കേന്ദ്രമന്ത്രിയായത് കൊണ്ട് ഇളവുണ്ടെന്നായിരുന്നു വിശദീകരണം. മരുന്ന് നിർമാണ വകുപ്പിന്‍റെ ചുമതലയുളളതിനാൽ മാറിനിൽക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക വിമാനത്തിലാണ് വന്നതെന്നും ആരോഗ്യസേതു ആപ്പ് ഉണ്ടായിരുന്നതിനാല്‍ നിരീക്ഷണം ആവശ്യമില്ലെന്നും മന്ത്രി പറയുന്നു.

കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് മന്ത്രിക്ക് ഉണ്ടെന്നാണ് ഒരു സ്റ്റാഫംഗം പറഞ്ഞത്. എന്നാൽ സർക്കാർ നിരീക്ഷണം ഒഴിവാകുമെങ്കിലും കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് ഉളളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിര്‍ദേശം. വിവാദങ്ങൾക്കിടെ കർണാടകത്തിലെ കൊവിഡ് സ്ഥിതി വിലയിരുത്താൻ സദാനന്ദഗൗഡ പ്രത്യേക യോഗവും വിളിച്ചു. ഉപമുഖ്യമന്ത്രി അശ്വത് നാരായണും യോഗത്തിനെത്തി.