ദാവോസ്: ബസുകൾ കത്തിയെരിയുന്ന നാട്ടിൽ നിക്ഷേപം നടത്താൻ ആരും തയ്യാറാകില്ലെന്ന മുന്നറിയിപ്പുമായി സദ്​ഗുരു ജഗ്ഗി വാസുദേവ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന അതിരുവിട്ട പ്രതിഷേധങ്ങള്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഇത്തരം അതിക്രമങ്ങൾ വിദേശ രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ വില ഇല്ലാതാക്കുമെന്നും ജഗ്ഗി വാസുദേവ് വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക സമിതി സമ്മേളനത്തിനിടെ എൻഡിടിവിയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ചില സ്ഥലങ്ങളിൽ മാത്രമാണ് ബസ് കത്തിക്കൽ പോലെയുള്ള അതിക്രമങ്ങൾ നടക്കുന്നത്. എന്നാൽ അത്തരം സംഭവങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ എന്നും നിലനിൽക്കുമെന്നും അദ്ദേഹം താക്കീത് നൽകി. രാജ്യത്തെ നിലവിലെ പ്രതിഷേധങ്ങൾ നിയന്ത്രണ വിധേയമാണോ എന്ന് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചാണ് അദ്ദേഹം സംസാരിച്ചത്. അനധികൃത കുടിയേറ്റക്കാരായ മുസ്ലീംങ്ങളെ പുര്‍ണമായും ഒഴിവാക്കി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷ വിഭാഗത്തിന് മാത്രം പൗരത്വം നല്‍കുമെന്നാണ് നിയമത്തെ എതിര്‍ക്കുന്നവരുടെ ധാരണയെന്നും സദ്ഗുരു കുറ്റപ്പെടുത്തി.